Asianet News MalayalamAsianet News Malayalam

റഫാൽ വിധി പുനഃപരിശോധിക്കരുത്: സുപ്രീംകോടതിയിൽ കേന്ദ്രസർക്കാരിന്‍റെ പുതിയ സത്യവാങ്മൂലം

പ്രധാനമന്ത്രിയുടെ ഓഫീസ് ഫ്രാൻസുമായി രഹസ്യചർച്ച നടത്തിയിട്ടില്ല, കരാറിന്‍റെ പുരോഗതി പരിശോധിക്കുക മാത്രമാണ് ചെയ്തത്. രേഖകളുടെ പിൻബലമില്ലാതെ, ചില മാധ്യമരേഖകളുടെ അടിസ്ഥാനത്തിൽ മാത്രം വിധി പുനഃപരിശോധിക്കരുത്. 

rafale verdict shall not be reviewd demands centre in supreme court
Author
Supreme Court of India, First Published May 4, 2019, 12:17 PM IST

ദില്ലി: ഫ്രഞ്ച് കമ്പനിയായ ദസോയുമായി കേന്ദ്രസർക്കാർ നടത്തിയ ഹെലികോപ്റ്റർ ഇടപാടിലെ രേഖകൾ പരിശോധിക്കേണ്ടതില്ലെന്ന സുപ്രീംകോടതി വിധി പുനഃപരിശോധിക്കരുതെന്ന് കേന്ദ്രസർക്കാരിന്‍റെ സത്യവാങ്മൂലം. അറ്റോർണി ജനറൽ കെ കെ വേണുഗോപാലാണ് കേന്ദ്രസർക്കാരിന് വേണ്ടി സത്യവാങ്മൂലം സമർപ്പിച്ചത്. റഫാൽ ഇടപാടിനെതിരായി നൽകിയ ഹർജിയിൽ സുപ്രീംകോടതിയുടെ നിലവിലെ വിധി വസ്തുതകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും അടിസ്ഥാനരഹിതമായ ചില മാധ്യമറിപ്പോർട്ടുകളുടെ മാത്രം അടിസ്ഥാനത്തിൽ വിധി പുനഃപരിശോധിക്കരുതെന്നുമാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.

പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുമായി ബന്ധപ്പെട്ട് രഹസ്യചർച്ച നടത്തിയിട്ടില്ല. കരാറുമായി ബന്ധപ്പെട്ടുള്ള പുരോഗതി നിരീക്ഷിക്കുക മാത്രമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ചെയ്തതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കരാറിന്‍റെ പുരോഗതി നിരീക്ഷിച്ചതിനെ സമാന്തര ചർച്ചയായി കാണാനാകില്ല.

 ഈ കേസിൽ എന്തെങ്കിലും അന്വേഷണം നടന്നാൽ അന്വേഷണ ഏജൻസികൾക്ക് ഇതുമായി ബന്ധപ്പെട്ട രേഖകൾ കൈമാറേണ്ടി വരും. ഇത് രേഖകളുടെ രഹസ്യ സ്വഭാവം ഇല്ലാതാക്കും. റഫാൽ വിമാനങ്ങളുടെ വില, വാങ്ങിയ വില ഇതൊന്നും വെളിപ്പെടുത്താനാകില്ല. ഇതും കരാറിന്‍റെ രഹസ്യസ്വഭാവം ഇല്ലാതാക്കുന്നതാണ്. 

മാധ്യമങ്ങളിൽ പുറത്തുവന്ന വാർത്തകൾ പ്രതിരോധമന്ത്രാലയത്തിന്‍റെ ആഭ്യന്തര രേഖകൾ മാത്രമാണ്, രഹസ്യരേഖകളല്ല. അതിൽ വിവാദം ആരോപിക്കേണ്ട കാര്യമില്ല. ഒരു കരാർ രൂപീകരിക്കുമ്പോഴുള്ള സ്വാഭാവികമായ ആശയവിനിമയം മാത്രമേ ഇവിടെയുമുണ്ടായിട്ടുള്ളൂ എന്നും കേന്ദ്രസർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു. 

തിങ്കളാഴ്ചയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് റഫാൽ കേസിലെ പുനഃപരിശോധനാഹർജികൾ പരിഗണിക്കുക. 

നേരത്തേ റഫാൽ പുനഃപരിശോധനാ ഹർജികളിൽ മറുപടി സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന കേന്ദ്രസർക്കാരിന്‍റെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. മറുപടി നൽകാൻ നാലാഴ്ച സമയം വേണമെന്ന് അറ്റോർണി ജനറൽ കെ കെ വേണുഗോപാൽ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസമേ തരാനാകൂ എന്നായിരുന്നു സുപ്രീംകോടതിയുടെ മറുപടി. 

റഫാൽ ഇടപാട് എന്നാലെന്ത്? വിവാദങ്ങളെന്ത്?

ജൂൺ 2001-നാണ് വ്യോമസേനയ്ക്കായി 126 ജെറ്റ് വിമാനങ്ങൾ വാങ്ങാൻ അന്ന് പ്രധാനമന്ത്രിയായിരുന്ന അടൽ ബിഹാരി വാജ്പേയിയുടെ സർക്കാർ തീരുമാനിക്കുന്നത്. 18 ജെറ്റ് വിമാനങ്ങൾ പൂർണമായി പ്രവർത്തനക്ഷമമായ തരത്തിൽ വാങ്ങാനും ബാക്കിയുള്ള 108 വിമാനങ്ങൾ ഹിന്ദുസ്ഥാൻ ഏറനോട്ടിക്സ് ലിമിറ്റഡിനെ ഉപയോഗിച്ച് നിർമിക്കാനുമായിരുന്നു അന്ന് ലക്ഷ്യമിട്ടിരുന്നത്.

പിന്നീട് 2007 ആഗസ്റ്റിൽ യുപിഎ കാലത്ത് ലേലം തുടങ്ങിയെങ്കിലും അഞ്ച് വർഷത്തിന് ശേഷം മാത്രമാണ് ഫ്രാൻസിലെ വിമാനനിർമാണക്കമ്പനിയായ ദസോ ഏവിയേഷന് കരാർ ഏൽപിക്കാൻ ധാരണയായത്. ദസോ വികസിപ്പിച്ച 'റഫാൽ' എന്ന യുദ്ധവിമാനം ഇന്ത്യയുടെ ആവശ്യങ്ങൾക്കുതകുന്നതാണെന്ന് കണ്ടാണ് കരാർ ഏൽപിച്ചത്. ആദ്യം 18 ജെറ്റ് വിമാനങ്ങൾ നിർമിച്ച് നൽകാനും, ബാക്കി വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ നൽകി സഹകരിക്കാനുമാണ് ദസോയ്ക്ക് കരാർ നൽകിയത്. ദസോയുമായി തുടങ്ങിയ ചർച്ച 2014 വരെ നീണ്ടെങ്കിലും ആ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പിൽ യുപിഎ പരാജയപ്പെട്ടതോടെ, ചർച്ചകൾ തൽക്കാലം അവസാനിച്ചു. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ വന്ന എൻഡിഎ സർക്കാർ ഏപ്രിൽ 2015-ന് ഫ്രാൻസിൽ നിന്ന് സർക്കാരുകൾ തമ്മിൽ 8.7 ബില്യൺ ഡോളർ ചെലവിൽ 36 യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള കരാർ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 126 വിമാനങ്ങൾ നിർമിക്കാനുള്ള യുപിഎ സർക്കാർ തീരുമാനം റദ്ദാക്കിക്കൊണ്ടായിരുന്നു ഇത്. 

എന്നാൽ ഇതിനെ ശക്തമായി എതിർത്ത കോൺഗ്രസ്, അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാരിനും നരേന്ദ്രമോദിക്കുമെതിരെ ശക്തമായ ആരോപണങ്ങളുയർത്തി. ഓരോ വിമാനവും 526 കോടി രൂപയ്ക്കാണ് യുപിഎ വാങ്ങാനുദ്ദേശിച്ചിരുന്നതെന്നും, ഇപ്പോൾ വിമാനങ്ങളുടെ വില 1670 കോടി രൂപയായെന്നുമായിരുന്നു കോൺഗ്രസിന്‍റെ ആരോപണം. പഴയ കരാർ പ്രകാരം വിമാനനിർമാണത്തിനുള്ള സാങ്കേതികവിദ്യ എച്ച് എ എല്ലിന് കൈമാറുമെന്ന് വ്യക്തമാക്കിയെന്നും പുതിയ കരാറിൽ ഇതില്ലെന്നും കോൺഗ്രസ് ആരോപിച്ചു. 

എൻഡിഎ ഈ കരാറിൽ ഓരോ വിമാനത്തിനും നൽകുന്ന വിമാനങ്ങളുടെ വില ഇതുവരെ പൊതുജനമധ്യത്തിലോ പാർലമെന്‍റിലോ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ യുപിഎ കാലത്തെ കരാർ സാധ്യമായ ഒന്നല്ലെന്നാണ് പ്രതിരോധമന്ത്രി മനോഹർ പരീക്കർ വ്യക്തമാക്കിയിരുന്നത്. യുപിഎയും ഫ്രാൻസുമായി കരാർ ഒപ്പിടുന്നത് വൈകാൻ കാരണം വിലയിലെ തർക്കമാണെന്നും മോദി സർക്കാർ അവകാശപ്പെട്ടു. 

എന്നാൽ റഫാലിന്‍റെ അനുബന്ധകരാർ അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന് നൽകിയത് വേറെ വിവാദത്തിന് വഴിയൊരുക്കി. പഴയ കരാർ പൊളിച്ച് പുതിയ കരാറുണ്ടാക്കിയതിലൂടെ മോദി അംബാനിക്ക് വഴിവിട്ട സഹായം ചെയ്തെന്നും കോൺഗ്രസ് ആരോപിക്കുന്നു. ബിജെപിയും റിലയൻസ് ഗ്രൂപ്പും ആരോപണങ്ങൾ നിരന്തരം നിഷേധിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios