പരീക്ഷയെഴുതിയ വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും മാനസിക സംഘർഷങ്ങൾ പൂർണ്ണമായി മനസ്സിലാക്കുന്നുവെന്ന് രാഘവ് ഛദ്ദ പറഞ്ഞു. വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാൻ കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിവേഗം നടപടിയെടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു
ദില്ലി: രാജ്യമാകെ അലയടിച്ച നീറ്റ് ചോദ്യപേപ്പർ ചോർച്ചാ വിഷയത്തിൽ താൻ മൗനം പാലിച്ചതിന്‍റെ കാരണം വ്യക്തമാക്കി രാജ്യസഭാ എംപി രാഘവ് ഛദ്ദ. ഇത്തരം വിഷയങ്ങളിൽ പ്രതികരിച്ച് മാധ്യമങ്ങളിൽ ഇടം പിടിക്കാനല്ല ശ്രമിക്കേണ്ടതെന്നും ശാശ്വതമായ പരിഹാരമാണ് വേണ്ടതെന്നും രാഘവ് ഛദ്ദ പറഞ്ഞു. പ്രതിപക്ഷത്തായിരുന്നപ്പോൾ ജനങ്ങളുടെ പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും എന്നാൽ ഭരണപക്ഷത്ത് എത്തിയപ്പോൾ ചോദ്യങ്ങൾ ചോദിക്കുക എന്നതിലുപരി പരിഹാരങ്ങൾ കണ്ടെത്തുക എന്നതാണ് പ്രധാനമെന്നും രാഘവ് ഛദ്ദ വ്യക്തമാക്കി. എഎപി വിട്ട് ബിജെപിയിൽ എത്തിയ രാഘവ് ഛദ്ദയുടെ മൌനം ഏറെ ചർച്ചയായിരുന്നു.
പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയെ രാഷ്ട്രീയമായി കാണരുതെന്ന് രാഘവ് ഛദ്ദ അഭിപ്രായപ്പെട്ടു. മാധ്യമങ്ങളിൽ തലക്കെട്ടാവുന്നതോ ക്യാമറകൾക്ക് മുന്നിൽ സംസാരിക്കുന്നതോ അല്ല തന്നെ സംബന്ധിച്ച് പ്രധാനം. പ്രശ്നപരിഹാരം കണ്ടെത്തിയ ശേഷമേ ഈ വിഷയത്തെക്കുറിച്ച് പാർലമെന്റിൽ സംസാരിക്കൂ എന്ന് സ്വയം തീരുമാനിച്ചിരുന്നു. ഇന്ന് അത്തരമൊരു ചരിത്ര ദിവസമാണെന്ന് പരീക്ഷാ ഭേദഗതി ബില്ല് പാസ്സാക്കിയതിന് പിന്നാലെ നടത്തിയ പ്രസംഗത്തിൽ രാഘവ് ഛദ്ദ വിശദീകരിച്ചു.
പരീക്ഷയെഴുതിയ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെയും അവരുടെ കുടുംബങ്ങളുടെയും കഷ്ടപ്പാടുകളും മാനസിക സംഘർഷങ്ങളും പൂർണ്ണമായി മനസ്സിലാക്കുന്നുവെന്ന് പറഞ്ഞ രാഘവ് ഛദ്ദ, വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും രോഷവും വേദനയും തികച്ചും ന്യായമാണെന്നും കൂട്ടിച്ചേർത്തു. വിദ്യാർത്ഥികളുടെ ആശങ്കകൾ കേട്ട് കേന്ദ്ര സർക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അതിവേഗം നടപടിയെടുത്തുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ചോദ്യപേപ്പർ ചോർച്ച തടയാൻ സമഗ്രമായ നിയമനിർമ്മാണം കൊണ്ടുവന്നുവെന്നും കേസിൽ 75 ദിവസത്തിനകം ഫാസ്റ്റ് ട്രാക്ക് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.
ഭാവിയിൽ നീറ്റ് പരീക്ഷകൾ ഒ എം ആർ ഷീറ്റുകൾക്ക് പകരം കമ്പ്യൂട്ടർ അധിഷ്ഠിത സംവിധാനത്തിലൂടെ നടത്തും. പരീക്ഷാ സമ്പ്രദായത്തിലുള്ള ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കുന്നതിനായി എല്ലാ രാഷ്ട്രീയ പാർട്ടികളും പുതിയ നിയമനിർമ്മാണത്തിന് ഒറ്റക്കെട്ടായി പിന്തുണ നൽകണമെന്ന് രാഘവ് ഛദ്ദ ആഹ്വാനം ചെയ്തു.
