യുവാവ് കാർ മുന്നോട്ടെടുത്തെങ്കിലും യുവതി കാറിന്റെ ബോണറ്റിൽ തൂങ്ങികിടന്നു. തുടർന്ന് ബോണറ്റിൽ തൂങ്ങികിടന്ന യുവതിയുമായി കാർ അല്പദൂരം മുന്നോട്ടുപോവുകയും പിന്നാലെ യുവതിയെ ഇടിച്ചിട്ട് യുവാവ് കടന്നുകളയുകയുമായിരുന്നു.
ലഖ്നൗ: ആൺസുഹൃത്ത് വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ ആൺസുഹൃത്തിന്റെ കാർ തടയാൻ ശ്രമിച്ച് യുവതി. പിന്നാലെ യുവാവ് കാർ മുന്നോട്ടെടുത്തെങ്കിലും യുവതി കാറിന്റെ ബോണറ്റിൽ തൂങ്ങികിടന്നു. തുടർന്ന് ബോണറ്റിൽ തൂങ്ങികിടന്ന യുവതിയുമായി കാർ അല്പദൂരം മുന്നോട്ടുപോവുകയും പിന്നാലെ യുവതിയെ ഇടിച്ചിട്ട് യുവാവ് കടന്നുകളയുകയുമായിരുന്നു.
ലഖ്നൗ ഗോമതി നഗറിലെ ജാനേശ്വർ മിശ്ര പാർക്കിന് മുന്നിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം. മറ്റൊരു പെൺസുഹൃത്തിനൊപ്പമാണ് യുവാവ് പാർക്കിലെത്തിയത്. ഈ സമയത്താണ് യുവതി ആൺസുഹൃത്തായ യുവാവിനെ കാണാനെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ വഴക്കായി. പിന്നാലെ യുവാവ് കാറിൽ കയറി സ്ഥലത്തുനിന്ന് പോകാൻ ശ്രമിച്ചു. ഇതിനിടെ യുവതി ബഹളംവെച്ച് ഓടിയെത്തുകയും കാറിന്റെ മുന്നിൽനിന്ന് വാഹനം തടയുകയുമായിരുന്നു.
യുവതി മുന്നിൽനിൽക്കുന്നുണ്ടായിരുന്നെങ്കിലും യുവാവ് വേഗംകുറച്ച് കാർ മുന്നോട്ടെടുത്തു. ഇതോടെ യുവതി ബോണറ്റിൽ പിടിച്ച് തൂങ്ങികിടന്നു. ഈനിലയിൽ അല്പദൂരം സഞ്ചരിച്ചശേഷം യുവാവ് കാർ നിർത്തി. ഇതോടെ യുവതി ബോണറ്റിൽനിന്ന് പിടിവിട്ട് കാറിനരികെനിന്ന് യുവാവിനോട് ബഹളംവെച്ചെങ്കിലും അല്പസമയത്തിനുള്ളിൽ ഇയാൾ യുവതിയെ ഇടിച്ചിട്ട് കാറിൽ കടന്നുകളയുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. അതിനിടെ, സംഭവത്തിൽ യുവതി പരാതി നൽകിയതായും അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.


