കൊല്ലപ്പെട്ട ദളിത് യുവതിയുടെ ​ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു. തങ്ങൾക്ക് നേരിട്ട അവ​ഗണനയെക്കുറിച്ചും അനീതിയെക്കുറിച്ചും യുവതിയുടെ കുടുംബാം​ഗങ്ങൾ ഇരുവരേയും അറിയിച്ചു. 

ഹത്റാസ്: ഉത്തർപ്രദേശിലെ ഹത്റാസിൽ അതിക്രൂരമായ പീഡനത്തിനിരയാവുകയും പിന്നീട് മരണത്തിന് കീഴടങ്ങുകയും ചെയ്ത ദളിത് യുവതിയുടെ കുടുംബാംഗങ്ങളെ കാണാനായി കോൺ​ഗ്രസ് എംപി രാഹുൽ ​ഗാന്ധിയും യുപിയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ​ഗാന്ധിയും എത്തി.

കൊല്ലപ്പെട്ട ദളിത് യുവതിയുടെ ​ഗ്രാമത്തിലെത്തിയ രാഹുലും പ്രിയങ്കയും ഇവരുടെ കുടുംബാം​ഗങ്ങളുമായി സംസാരിച്ചു. തങ്ങൾക്ക് നേരിട്ട അവ​ഗണനയെക്കുറിച്ചും അനീതിയെക്കുറിച്ചും യുവതിയുടെ കുടുംബാം​ഗങ്ങൾ ഇരുവരേയും അറിയിച്ചു. യുവതിയുടെ മാതാവിനെ പ്രിയങ്ക ​ഗാന്ധി ആശ്വാസിപ്പിച്ചു. പിതാവിൽ നിന്നും സഹോദരനിൽ നിന്നും രാഹുൽ ​ഗാന്ധി വിവരങ്ങൾ ചോ​ദിച്ചറിഞ്ഞു. സംഘടന ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണു​ഗോപാൽ, ലോക്സഭയിലെ കക്ഷിനേതാവ് അധീ‍ർരജ്ഞൻദാസ് ചൗധരി എന്നിവരും രാഹുലിനൊപ്പം ഉണ്ടായിരുന്നു. 

ദില്ലി-നോയിഡ ഫ്ലൈവേയിൽ യുപി പൊലീസ് ഒരുക്കിയ കടുത്ത പ്രതിരോധത്തിനൊടുവിൽ കർശന നി‍ർദേശങ്ങൾ പാലിച്ചാണ് രാഹുലിന് ഹത്റാസിലേക്ക് യാത്ര ചെയ്യാനായത്. രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം മുപ്പതോളം കോൺ​ഗ്രസ് എംപിമാരും പുറപ്പെട്ടിരുന്നുവെങ്കിലും രാഹുലിനേയും പ്രിയങ്കയേയും കൂടാതെ അഞ്ച് പേരെ മാത്രമേ ഹത്റാസിലേക്ക് യാത്ര ചെയ്യാൻ അനുവദിക്കൂ എന്ന നിലപാടാണ് യുപി പൊലീസ് സ്വീകരിച്ചത്. പൊലീസ് നിലപാട് കടുപ്പിച്ചതിനെ തുടർന്ന് ദില്ലി - നോയിഡ ഫ്ലൈവേയിൽ വച്ച് കോൺ​ഗ്രസ് പ്രവർത്തകരും പൊലീസും ഉന്തും തള്ളും ഉണ്ടാവുകയും പൊലീസ് ലാത്തിചാർജ് നടത്തുകയും ചെയ്തിരുന്നു. 

ഹത്റാസ് കേസ് കൈകാര്യം ചെയ്തതിൽ പ്രാദേശിക പൊലീസ് ഉദ്യോ​ഗസ്ഥർക്ക് പിഴവ് സംഭവിച്ചതായി നേരത്തെ യുപി ഡിജിപി സമ്മതിച്ചിരുന്നു. രാഹുലിനേയും പ്രിയങ്കയേയും ഹത്റാസിലേക്ക് കടത്തിവിടാൻ അനുവദിക്കുന്നതിന് അൽപസമയം മുൻപ് യുപി അഡീഷണൽ ചീഫ് സെക്രട്ടറിയും ഡിജിപിയും കൊല്ലപ്പെട്ട ദളിത് യുവതിയുടെ കുടുംബാം​ഗങ്ങളുമായി നേരിട്ട് ചർച്ച നടത്തിയിരുന്നു. യുപി പൊലീസിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലെന്നും സത്യം തെളിയാൻ മറ്റൊരു ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് ദളിത് കുടുംബത്തിൻ്റെ ആവശ്യം. 

പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം അവസാനമായി കാണാനോ അന്ത്യകർമ്മങ്ങൾ ചെയ്യാനോ തങ്ങളെ അനുവദിച്ചില്ലെന്നും ആശുപത്രിയിൽ നിന്നും കടത്തികൊണ്ടു പോയ മകളുടെ മൃത​ദേഹം പാതിരാത്രിയിൽ ആരേയും അറിയിക്കാതെ പൊലീസുകാർ ദഹിപ്പിച്ചെന്നും യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു.