വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ടോപ്​ഗൺ സ്കൂളിലെ ഈ കോഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. 20 ആഴ്ചയോളം നീളുന്നതാണ് കോഴ്സിന്റെ കാലയളവ്. സങ്കീർണമായ ഓപ്പറേഷനുകൾക്ക് പൈലറ്റുമാരെ സജ്ജരാക്കുന്ന കഠിനമായ പരിശീലനമാണിത്.

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ കോംബാറ്റ് ലീഡർ കോഴ്സ് പൂർത്തിയാക്കുന്ന ആദ്യ വനിതയായി സ്ക്വാഡ്രൺ ലീഡർ ഭാവന കാന്ത്. ​ടോപ്​ഗൺ സ്കൂൾ എന്നറിയപ്പെടുന്ന ​ഗ്വാളിയോറിലെ ടാക്റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റ്(TACDE)ൽ നിന്നാണ് 33-കാരിയായ ഭാവന കോഴ്സ് പൂർത്തിയാക്കിയത്.

വ്യോമസേനയിലെ പൈലറ്റുമാരിൽ നൂറിൽ ഒരാളെ മാത്രമാണ് ടോപ്​ഗൺ സ്കൂളിലെ ഈ കോഴ്സിനെ തിരഞ്ഞെടുക്കാറുള്ളത്. 20 ആഴ്ചയോളം നീളുന്നതാണ് കോഴ്സിന്റെ കാലയളവ്. സങ്കീർണമായ ഓപ്പറേഷനുകൾക്ക് പൈലറ്റുമാരെ സജ്ജരാക്കുന്ന കഠിനമായ പരിശീലനമാണിത്. അത്യാധുനിക യുദ്ധതന്ത്രങ്ങളെക്കുറിച്ചും ആയുധങ്ങൾ കൈകാര്യംചെയ്യുന്നതിലും പൈലറ്റുമാർക്ക് പരിശീലനം നൽകുകയുംചെയ്യും.

ബിഹാറിലെ ധർബം​ഗ സ്വദേശിയായ ഭാവന കാന്ത് ഇന്ത്യയിലെ ആദ്യ വനിതാ യുദ്ധവിമാന പൈലറ്റുമാരിൽ ഒരാളാണ്. 2016-ൽ ആവണി ചതുർവേദി, മോഹന സിങ് എന്നിവർക്കൊപ്പമാണ് ഭാവന കാന്തും വ്യോമസേനയിൽ കമ്മീഷൻചെയ്തത്. 2017-ൽ ഫൈറ്റർ സ്ക്വാഡ്രണിൽ അം​ഗമായ ഭാവന, 2018 മാർച്ചിൽ മി​ഗ്-21 യുദ്ധവിമാനം ഒറ്റയ്ക്ക് പറത്തി. പിന്നീട് വ്യോമസേനയുടെ അത്യാധുനിക യുദ്ധവിമാനമായ സുഖോയ്-30 എംകെഐയിലേക്ക് മാറി. 2020-ൽ നാരീശക്തി പുരസ്കാരത്തിനും അർഹയായി. 2021-ലെ റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത ഭാവന കാന്ത്, റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്ന ആദ്യ വനിതാ ഫൈറ്റർ പൈലറ്റ് എന്ന നേട്ടവും സ്വന്തമാക്കി. 2024-ൽ റിയാദിൽ നടന്ന വേൾഡ് ഡിഫൻസ് ഷോയിൽ ഇന്ത്യയിൽനിന്നുള്ള സംഘത്തെ പ്രതിനിധീകരിച്ച് ഭാവന കാന്തും പങ്കെടുത്തിരുന്നു.