'അഴിമതിയെക്കുറിച്ച് സംസാരിക്കുന്ന കാവല്‍ക്കാരനെ സംവാദത്തിലേര്‍പ്പെടാന്‍ താന്‍ ക്ഷണിച്ചു. എന്നാല്‍ അതിനുള്ള ധൈര്യമില്ലാത്തതിനാല്‍ അദ്ദേഹം ഓടിയൊളിച്ചു'. 

ദില്ലി: കാവല്‍ക്കാരന്‍ കള്ളന്‍ മാത്രമല്ല ഭീരുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവുമായി സംവാദത്തില്‍ ഏര്‍പ്പെടാന്‍ മടിക്കുന്ന മോദി ഭീരുവെന്നാണ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ആസാമിലെ ഹെയ്‍ലാകണ്ടിയില്‍ നടന്ന പൊതുപരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി വിമര്‍ശനം ഉന്നയിച്ചത്. 

 അഴിമതിയെക്കുറിച്ച് സംസാരിക്കുന്ന കാവല്‍ക്കാരനെ സംവാദത്തിലേര്‍പ്പെടാന്‍ താന്‍ ക്ഷണിച്ചു. എന്നാല്‍ അതിനുള്ള ധൈര്യമില്ലാത്തതിനാല്‍ അദ്ദേഹം ഓടിയൊളിച്ചു. രണ്ടു കോടി തൊഴിലവസരങ്ങളും കര്‍ഷകര്‍ക്ക് ന്യായവിലകളും 15 ലക്ഷം രൂപ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടിലും ഇടുമെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിച്ച മോദി നോട്ട് നിരോധനത്തൂലെടെയും ജിഎസ്റ്റിയിലൂടെയും പകരം ജനങ്ങളുടെ പണം കവര്‍ന്നു. 

മോദിയുടെ കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണത്തിന്‍റെ ഗുണഭോക്തക്കള്‍ വ്യവസായികളായ അനില്‍ അംബാനി,മെഹുല്‍ ചോക്സി, നീരവ് മോദി എന്നിവരാണ്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ രാജ്യത്തെ ദരിദ്രരായ ജനങ്ങള്‍ക്ക് പണം നല്‍കും. അതുപോലെ രാജ്യസഭയിലും ലോക് സഭയിലും വിധാന്‍ സഭയിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.