സിംഘു: കർഷക പ്രതിഷേധത്തിൽ പങ്കെടുത്ത സിഖ് ആത്മീയ നേതാവിൻ്റെ ആത്മഹത്യയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രം​ഗത്ത്. 

കേന്ദ്രസർക്കാർ നയം കാരണം നിരവധി കർഷകർ ഇതിനോടകം തന്നെ ജീവത്യാഗം ചെയ്തുവെന്നും ഈ ക്രൂരത ചെയ്യുന്ന മോദിസർക്കാർ എല്ലാ അതിരുകളും ലംഘിച്ച് കഴിഞ്ഞിരിക്കുകയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമ ഭേദഗതി പിൻവലിക്കാൻ സർക്കാർ തയ്യാറാകണമെന്നും രാഹുൽഗാന്ധി ആവശ്യപ്പെട്ടു.

സന്ത് ബാബ റാം സിങ്ങിന്റെ ആത്മഹത്യയെപ്പറ്റിയുള്ള വാർത്ത വേദനയുണ്ടാക്കുന്നതാണെന്ന് ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.  കർഷകർ അവരുടെ അവകാശങ്ങൾക്ക് വേണ്ടിയാണ് സമരം ചെയ്യുന്നത് സർക്കാർ അതു കേൾക്കാൻ തയാറാകണമെന്നും കരിനിയമങ്ങൾ പിൻവലിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെട്ടു. 

കർഷക പ്രതിഷേധം അതിശക്തമായി തുടരുന്നതിനിടെയാണ് ഹരിയാനയിലെ സിംഘു അതിർത്തിയിൽ സിഖ് ആത്മീയ നേതാവ് ആത്മഹത്യ ചെയ്തു. 65 കാരനായ സന്ത് ബാബ റാം സിങ് സ്വയം വെടിവച്ചു മരിച്ചത്. കർഷകരുടെ വിലാപം കേൾക്കാൻ കേന്ദ്രം തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് ജീവനൊടുക്കുന്നതെന്നാണ് അദ്ദേഹത്തിൻ്റെ ആത്മഹത്യക്കുറിപ്പിലുള്ളത്. "കര്‍ഷകരോട് സര്‍ക്കാര്‍ നീതി കാണിക്കുന്നില്ല. അനീതി ചെയ്യുന്നത് തെറ്റാണ്, അതേസമയം അനീതി അനുവദിക്കുന്നതും തെറ്റാണ്. കര്‍ഷകരെ പിന്തുണച്ച് ചിലര്‍ സര്‍ക്കാരിന് പുരസ്കാരങ്ങള്‍ തിരിച്ചുനല്‍കി. ക‍ർഷകരോട് കേന്ദ്രസ‍ർക്കാ‍ർ കാണിച്ച അനീതിയിലും അവ​ഗണനയിലും പ്രതിഷേധിച്ച്‍ ഞാനെൻ്റെ ജീവിതം ത്യജിക്കുന്നു... 

അതേസമയം സന്ത് ബാബ റാം സിങിന്റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചതായി ഹരിയാന പൊലീസ് അറിയിച്ചു. വെടിയേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കും മുൻപേ തന്നെ സന്ത് ബാബ റാം സിംഗ് മരിച്ചിരുന്നുവെന്നാണ് അദ്ദേഹത്തെ പരിശോധിച്ച പാനിപ്പത്ത് പാർക്ക് ആശുപത്രി അധികൃതർ അറിയിച്ചത്.