ശ്രീനഗര്‍: സ്ഥിതിഗതികൾ വിലയിരുത്താൻ ജമ്മു കശ്മീരിലെത്തിയ കോണ്‍ഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘത്തെയും ശ്രീനഗര്‍ വിമാനത്താവളത്തിൽ തടഞ്ഞു. മാധ്യമങ്ങളെ കാണാനും അനുമതിയില്ല. പ്രതിപക്ഷ സംഘം ശ്രീനഗര്‍ വിമാനത്താവളത്തിൽ തുടരുകയാണ്. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള  രാഹുലിന്റെ ആദ്യ  സന്ദർശനമാണിത്.

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ് , ആനന്ദ് ശർമ്മ , കെ സി വേണുഗോപാൽ ഉൾപ്പടെ പന്ത്രണ്ട് പേരാണ് രാഹുൽ ഗാന്ധിക്കൊപ്പമുള്ളത്. നേതാക്കളുടെ സന്ദർശനം സമാധാനം പുനസ്ഥാപിക്കാനുള്ള നടപടികളെ ബാധിക്കുമെന്ന് ജമ്മു കശ്മീര്‍ ഭരണകൂടം അറിയിച്ചു. എന്നാൽ, സന്ദർശനം വിലക്കി കൊണ്ട് സർക്കാരിൽ നിന്ന് ഒരു അറിയിപ്പും ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പ്രതികരണം. പ്രതിപക്ഷ സംഘത്തെ തിരിച്ചയക്കാനുള്ള നടപടികളിലേക്കാണ് ഭരണകൂടം ശ്രമിക്കുന്നത്.

തടങ്കലിലുള്ള നേതാക്കളെയും ജനങ്ങളെയും കണ്ട് സ്ഥിതി നേരിട്ട് വിലയിരുത്തുകയെന്നതാണ് സംഘത്തിന്‍റെ ലക്ഷ്യമെന്നും പ്രശ്നങ്ങളുണ്ടാക്കാനല്ല പോകുന്നതെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ പ്രതികരിച്ചു.

സംസ്ഥാനത്തിന്റെ സ്ഥിതി നേരിട്ടെത്തി വിലയിരുത്താൻ ഗവർണർ സത്യപാലിക് മാലിക്ക് നേരത്തെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നി‍ർദ്ദേശം ഗവർണർ പിൻവലിക്കുകയും ചെയ്തിരുന്നു. രാഹുലിനെയും നേതാക്കളെയും വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുമോയെന്ന് വ്യക്തമല്ല. ഭീകരുടെ ഭീഷണി നേരിടുകയും മനുഷ്യജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കുകയുമാണ് സർക്കാരിന്റെ ഇപ്പോഴത്തെ പരിഗണനയെന്ന് ജമ്മു  കശ്മീ‌ർ ഇൻഫർമേഷൻ വകുപ്പ് ട്വീറ്റ് ചെയ്തു. 

പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത നേതാക്കളെ  സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരി, ഡി. രാജ, ഗുലാം നബി ആസാദ് എന്നിവരെ ക്രമസമാധാന പ്രശ്നം പറഞ്ഞ് നേരത്തെ തടയുകയും തിരിച്ചയക്കുകയും ചെയ്തിരുന്നു.