Asianet News MalayalamAsianet News Malayalam

പുതിയ അധ്യക്ഷനെ തീരുമാനിക്കാന്‍ ആവശ്യപ്പെട്ട് രാഹുല്‍; രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്

രാഹുലിന്‍റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചു. മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തന്‍റെ സ്ഥാനമൊഴിയല്‍ തീരുമാനം രാഹുല്‍ വ്യക്തമാക്കിയത്

rahul gandhi askas party to find new chief
Author
New Delhi, First Published May 27, 2019, 3:09 PM IST

ദില്ലി: പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തില്‍ മാറ്റമില്ലെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള രാഹുലിന്‍റെ തീരുമാനം മാറ്റാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുല്‍ ഗാന്ധി മുന്നോട്ടുവച്ച നിര്‍ദേശം. പെട്ടെന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം അദ്ദേഹം അംഗീകരിച്ചു. രാഹുലിന്‍റെ തീരുമാനം അമ്മ സോണിയ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയും അംഗീകരിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

മുതിര്‍ന്ന നേതാവ് അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരുമായി തിങ്കളാഴ്ച നടത്തിയ ചര്‍ച്ചയിലാണ് തന്‍റെ സ്ഥാനമൊഴിയല്‍ തീരുമാനം രാഹുല്‍ വ്യക്തമാക്കിയത്. ഇരുവരും രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാരുമായി തിങ്കളാഴ്ച നടത്താനിരുന്ന കൂടിക്കാഴ്ച്ചയും രാഹുല്‍ ഗാന്ധി റദ്ദാക്കി. പങ്കെടുക്കാനിരുന്ന യോഗങ്ങളെല്ലാം രാഹുല്‍ ഗാന്ധി റദ്ദാക്കിയതായാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാജി തീരുമാനത്തില്‍നിന്ന് രാഹുലിനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും രാഹുല്‍ വഴങ്ങിയില്ല.

കോണ്‍ഗ്രസ് അടിമുടി മാറേണ്ടതുണ്ടെന്ന കാഴ്ചപ്പാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ രാഹുല്‍ ഗാന്ധി കടുത്ത വിമര്‍ശനമുന്നയിച്ചിരുന്നു. മക്കള്‍ക്ക് സീറ്റ് തരപ്പെടുത്തുന്നതിലാണ് എല്ലാവരും ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും നേതാക്കളുടെ പേരെടുത്ത് പറയാതെ രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍റെ ചരമവാര്‍ഷിക ദിനമായ തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ ട്വീറ്റില്‍ സ്ഥാനമൊഴിയല്‍ സൂചനയുണ്ടായിരുന്നു. 

ഗാന്ധി കുടുംബത്തില്‍നിന്ന് തന്നെ ദേശീയ അധ്യക്ഷന്‍ വേണമെന്നില്ലെന്നാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട്. പ്രിയങ്ക ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിനോടും രാഹുലിന് യോജിപ്പില്ല. അതേസമയം, രാഹുലിനെ തീരുമാനത്തില്‍നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കം മുതിര്‍ന്ന നേതാക്കള്‍ തുടരുകയാണ്. 

Follow Us:
Download App:
  • android
  • ios