ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യപ്രവര്‍ത്തകരുടെ കണക്ക് കൈവശമില്ലെന്ന് കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ സഹമന്ത്രിയുടെ വെളിപ്പെടുത്തലിന് പിന്നാലെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ആരോഗ്യ പ്രവര്‍ത്തകരെ അധിക്ഷേപിക്കുന്നതാണ് വെളിപ്പെടുത്തലെന്ന് രാഹുൽ ട്വിറ്ററിലൂടെ ആരോപിച്ചു. 

“പ്രതികൂല ഡാറ്റ രഹിത സർക്കാർ. പാത്രം കൊട്ടുകയും വിളക്ക് തെളിക്കുകയും ചെയ്യുന്നതിനെക്കാള്‍ പ്രധാനമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയും ബഹുമാനവും. എന്തുകൊണ്ടാണ് മോദി സർക്കാർ കൊറോണ പോരാളികളെ ഇങ്ങനെ അപമാനിക്കുന്നത് ?“, രാഹുൽ ​ട്വീറ്റ് ചെയ്തു. ജീവൻ നഷ്ടപ്പെട്ട കൊറോണ വൈറസ് പോരാളികളെക്കുറിച്ച് സർക്കാരിന് ഒരു വിവരവുമില്ലെന്ന റിപ്പോർട്ടുകൾ ടാഗ് ചെയ്തായിരുന്നു രാഹുലിന്റെ പരാമർശം.

Read Also: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കണക്കില്ല, ആശ്രിതര്‍ക്ക് ജോലിക്ക് പദ്ധതിയില്ല; കേന്ദ്രം

കൊവിഡ് ബാധിക്കുകയോ അതേത്തുടര്‍ന്ന് മരിക്കുകയോ ചെയ്ത ആരോഗ്യ പ്രവര്‍ത്തകരുടെ വിവരങ്ങള്‍ ഇല്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബേയാണ് രാജ്യസഭയെ അറിയിച്ചത്.