ഗുഹാവത്തി: അസമിനെ നാഗ്പൂരിൽ നിന്ന് നിയന്ത്രിക്കാൻ അനുവദിക്കില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ആർഎസ്എസിന്‍റെ ട്രൗസർ ധാരികൾ അസമിനെ നിയന്ത്രിക്കാൻ ശ്രമിച്ചാൽ അനുവദിക്കില്ലെന്ന് പറഞ്ഞ രാഹുൽ അസമിന്‍റെ ചരിത്രവും സംസ്കാരവും തകർക്കാൻ അനുവദിക്കില്ലെന്നും വ്യക്തമാക്കി. രാജ്യത്ത് തടങ്കല്‍ കേന്ദ്രങ്ങളില്ലെന്ന മോദിയുടെ വാദം പച്ചക്കള്ളമാണെന്നും രാഹുല്‍ഗാന്ധി ആവര്‍ത്തിച്ചു.

ബിജെപി ജനങ്ങളുടെ ശബ്ദം കേൾക്കുന്നില്ലെന്ന് കുറ്റപ്പെടുത്തിയ രാഹുൽ ഗാന്ധി ബിജെപി എവിടെ ചെന്നാലും വെറുപ്പാണ് പടർത്തുന്നതെന്നും ആരോപിച്ചു. അസമിൽ യുവാക്കളാണ് പ്രതിഷേധിക്കുന്നത്, മറ്റ് സംസ്ഥാനങ്ങളിലും കടുത്ത പ്രതിഷേധങ്ങളാണ് അരങ്ങേറുന്നതെന്ന് പറഞ്ഞ കോൺഗ്രസ് മുൻ അധ്യക്ഷൻ  എന്തിനാണ്  പൊലീസ് പ്രതിഷേധക്കാരെ വെടിവച്ച് കൊല്ലുന്നതെന്നും ചോദിച്ചു. കോൺഗ്രസിന്‍റെ 'ഭരണഘടനയെ രക്ഷിക്കൂ, രാജ്യത്തെ രക്ഷിക്കൂ' ക്യാമ്പയിനിന്‍റെ ഭാഗമായാണ് രാഹുൽ അസമിലെത്തിയത്. 

വടക്ക് കിഴക്കിന്‍റെ ചരിത്രവും സംസ്കാരവും അടിച്ചമർത്താമെന്നാണ് അവർ കരുതിയിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇതിന് ബിജെപിയെയും ആർഎസ്എസിനെയും അനുവദിക്കില്ലെന്നും വ്യക്തമാക്കി.