ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ബയോ മാറ്റിയത്.

ദില്ലി: ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചതിന് പിന്നാലെ എക്‌സ് അക്കൗണ്ടിലെ ബയോയില്‍ മാറ്റം വരുത്തി രാഹുല്‍ ഗാന്ധി. അയോഗ്യനാക്കപ്പെട്ട എംപി എന്നത് നീക്കം ചെയ്ത് പാര്‍ലമെന്റ് അംഗം എന്നാക്കി. ലോക്‌സഭാംഗത്വം പുനഃസ്ഥാപിച്ചത് സംബന്ധിച്ച വിജ്ഞാപനം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുല്‍ ബയോ മാറ്റിയത്. ലോക്‌സഭാംഗത്വത്തിന് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു എക്‌സ് ബയോയില്‍ അയോഗ്യനാക്കപ്പെട്ട എംപി എന്ന് രാഹുല്‍ രേഖപ്പെടുത്തിയത്. 

രാഹുല്‍ ഇന്ന് തന്നെ പാര്‍ലമെന്റിലേക്ക് എത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ ദിവസമാണ് 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ സൂറത്ത് കോടതി അയോഗ്യനാക്കിയ രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം പുനഃസ്ഥാപിക്കണമെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. 

ലോക്‌സഭാഗത്വം പുനഃസ്ഥാപിച്ചതിനാല്‍ രാഹുലിന് കേന്ദ്ര സര്‍ക്കാരിനെതിരായ അവിശ്വാസപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാന്‍ സാധിക്കും. 90 മിനിറ്റാണ് കോണ്‍ഗ്രസിന് അനുവദിച്ചിട്ടുള്ളത്. രാഹുല്‍ പാര്‍ലമെന്റിലേക്ക് എത്തുന്നതോടെ പ്രതിപക്ഷ നിരയില്‍ ആവേശവവും ഊര്‍ജവും കൂടുമെന്നാണ് വിലയിരുത്തുന്നത്. രാഹുലിന്റെ എംപി സ്ഥാനം പുനഃസ്ഥാപിച്ച നടപടിയെ മധുര വിതരണത്തോടെയാണ് 'ഇന്ത്യാ സഖ്യ'വും ആഘോഷിച്ചത്. രാഹുലിനെ അയോഗ്യനാക്കിയത് കോണ്‍ഗ്രസ് പാര്‍ലമെന്റി പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തെയും ഏറെ ബാധിച്ചിരുന്നു. ഗുജറാത്ത് കോടതി വിധി വന്ന 24 മണിക്കൂറിനുള്ളിലാണ് രാഹുലിനെ അയോഗ്യനാക്കുന്ന ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഇതിന് പിന്നാലെ ദില്ലിയിലെ തുഗ്ലക് ലൈനിലെ ഔദ്യോഗിക വസതി ഒഴിയാനുള്ള നോട്ടീസും നല്‍കി. വീട് ഒഴിഞ്ഞ രാഹുല്‍ സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറുകയായിരുന്നു.

നടുറോഡില്‍ കാർ ആക്രമണം: ചില്ലുകൾ കല്ലുകൊണ്ട് എറിഞ്ഞ് തകർത്തു, 8 പേർക്കെതിരെ വധശ്രമത്തിന് കേസ്

YouTube video player