ചിന്തൻ ശിബിരത്തിന് പിന്നാലെ രാഹുൽ വിദേശ സന്ദർശനത്തിന്, കേംബ്രിഡ‍്‍ജ് സർവകലാശാലയുടെ സംവാദത്തിലും പങ്കെടുക്കും

ദില്ലി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ലണ്ടനിലേക്ക്. പ്രഭാഷണ പരമ്പരകളിൽ പങ്കെടുക്കാനാണ് രാഹുൽ യാത്ര തിരിച്ചതെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മീഡിയ വിഭാഗം മേധാവിയുമായ രൺദീപ് സുർജേവാല പറഞ്ഞു. കേംബ്രിഡ്‍ജ് സർവകലാശാല സംഘടിപ്പിക്കുന്ന ഇന്ത്യ @ 75 എന്ന സംവാദത്തിലും രാഹുൽ പങ്കെടുക്കുമെന്ന് എഐസിസി അറിയിച്ചു. 

ലണ്ടനിൽ 'ഐഡിയാസ് ഫോർ ഇന്ത്യ' എന്ന പേരിൽ സംഘടിപ്പിക്കപ്പെടുന്ന കോൺഫറൻസിൽ രാഹുൽ ഗാന്ധി പങ്കെടുക്കും. രാജ്യത്തിന്റെ വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ പ്രവാസികളുമായി രാഹുൽ സംവദിക്കുമെന്നും കോൺഗ്രസ് മീഡിയ വിഭാഗം അറിയിച്ചു. മെയ് 23നാണ് കേംബ്രിഡ്‍ജ് സർവകലാശാലയിൽ ഇന്ത്യ @ 75 എന്ന സംവാദം. കോൺഗ്രസ് നേതാക്കളായ സൽമാൻ ഖുർഷിദ്, പ്രിയങ്ക് ഖാഡ്ഗേ എന്നിവരും പരിപാടിയിൽ പങ്കെടുക്കാനായി ലണ്ടനിൽ എത്തിയിട്ടുണ്ട്. 

കോൺഗ്രസിന്റെ പുനുദ്ധാരണം ലക്ഷ്യമിട്ട് സംഘടിപ്പിച്ച ചിന്തൻ ശിബിരത്തിന് പിന്നാലെയാണ് രാഹുലിന്റെ ലണ്ടൻ യാത്ര. വിവിധ സംസ്ഥാനങ്ങളിൽ പാർട്ടി പ്രതിസന്ധി നേരിടുന്നതിനിടെ രാഹുൽ വിദേശ പര്യടനം നടത്തുന്നത് പാർട്ടിയിൽ തന്നെ വിമർശനം ഉയർത്തിയിട്ടുണ്ട്. ഹർദിക് പട്ടേലിന്റെ വിട്ടുപോക്കിന് പിന്നാലെ കോൺഗ്രസ് ഗുജറാത്തിൽ കടുത്ത പ്രതിസന്ധിയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി ഗുജറാത്തിൽ ഇതിനോടകം സജീവമായി കഴിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ മുൻ പിസിസി അധ്യക്ഷൻ സുനിൽ ജാക്കർ കോൺഗ്രസ് വിട്ടതോടെ പഞ്ചാബിലും പ്രതിസേന്ധി നേരിടുകയാണ് പാർട്ടി. അതേസമയം നേരത്തെ തീരുമാനിച്ചതാണ് രാഹുലിന്റെ പരിപാടികൾ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ വിശദീകരണം.