ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് 'ലോക നാടക ദിനാശംസകള്‍' നേര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തതിന് തൊട്ടുപിന്നാലെയാണ് ട്വിറ്ററിലൂടെ രാഹുലിന്‍റെ പ്രതികരണം.

മണിക്കൂറുകള്‍ക്ക് മുമ്പാണ് മോദി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ വന്‍ ബഹിരാകാശനേട്ടം കൈവരിച്ചെന്നാണ് അദ്ദേഹം രാജ്യത്തോട് പറഞ്ഞത്. മിഷന്‍ ശക്തി എന്നാണ് ദൗത്യത്തിന് പേരിട്ടതെന്നും ഇതിന്‍റെ ഭാഗമായി ഭ്രമണം ചെയ്യുന്ന ഉപഗ്രഹത്തെ നശിപ്പിക്കാന്‍ കഴിയുന്ന ഉപഗ്രഹവേധ മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചെന്നുമാണ് മോദി രാജ്യത്തെ അറിയിച്ചത്. ഡിആര്‍ഡിഒ തദ്ദേശീയമായി വികസിപ്പിച്ച മിസൈലാണ് പരീക്ഷിച്ചതെന്നും അദ്ദേഹം അറിയിച്ചു. ഇതിന് പിന്നാലെയാണ് രാഹുലിന്‍റെ ട്വീറ്റ്.

"അഭിനന്ദനങ്ങള്‍ ഡിആര്‍ഡിഒ, നിങ്ങളുടെ ജോലിയില്‍ അഭിമാനിക്കുന്നു. പ്രധാനമന്ത്രിക്ക് ലോക നാടക ദിനാശംസകള്‍ നേരാനും ആഗ്രഹിക്കുന്നു." രാഹുല്‍ ട്വീറ്റ് ചെയ്തു.

 

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ള സമയത്തെ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ വിമര്‍ശനത്തോടെയാണ് പ്രതിപക്ഷം നേരിട്ടത്. രാജ്യം നേരിടുന്ന പ്രശ്നങ്ങളെയെല്ലാം അവഗണിച്ച് ജനങ്ങളുടെ ശ്രദ്ധ ആകാശത്തേക്ക് കേന്ദ്രീകരിക്കാനാണ് മോദി ശ്രമിക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും പ്രതികരിച്ചു. ലോക നാടക ദിനം കൂടിയാണ്  മാര്‍ച്ച് 27.