കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. സമവായ നീക്കത്തിന് മല്ലികാര്‍ജ്ജുനഖര്‍ഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ദില്ലി; കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടക്കട്ടേയെന്ന് രാഹുല്‍ ഗാന്ധി. സമവായ നീക്കത്തിന് മല്ലികാര്‍ജ്ജുനഖര്‍ഗെ ശ്രമം നടത്തുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. അതിനിടെ പുതിയ അധ്യക്ഷനായി ഖര്‍ഗെ നാളെ ചുമതലയേല്‍ക്കും. ഇരുപത്തിയഞ്ചംഗ പ്രവര്‍ത്തക സമിതി. പാര്‍ട്ടി അധ്യക്ഷന്‍ ഖര്‍ഗെയും, പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവായി സോണിയ ഗാന്ധിയും സമിതിയിലുണ്ടാകും. 11 പേരെ നാമനിര്‍ദ്ദേശം ചെയ്യുന്നു. പന്ത്രണ്ട് പേര്‍ക്ക് മത്സരിക്കാം. അധ്യക്ഷ തെരഞ്ഞെടുപ്പ് ഉള്‍പ്പാര്‍ട്ടി ജനാധിപത്യത്തിന്‍റെ തെളിവെന്ന് അവകാശപ്പെടുമ്പോള്‍ പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് പരമാവധി ഒഴിവാക്കാനാണ് ഖര്‍ഗെ മുന്‍കൈയെടുക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പുകള്‍ നടക്കുമ്പോള്‍ പ്രവര്‍ത്തകസമിതിയിലേക്കുള്ള മത്സരം പാര്‍ട്ടിയില്‍ പൊട്ടിത്തെറിയുണ്ടാക്കാനുള്ള സാധ്യത നേതൃത്വം വിലയിരുത്തുന്നു. നേതാക്കളുടെ അഭിപ്രായം ഖര്‍ഗെ തേടുന്നതിനിടെയാണ് രാഹുൽ ഗാന്ധി നിലപാടറിയച്ചത്. അധ്യക്ഷ തെരഞ്ഞെടുപ്പ് പോലെ പ്രവര്‍ത്തക സമിതിയിലേക്കും തെരഞ്ഞെടുപ്പ് നടന്നാല്‍ എതിര്‍ക്കില്ലെന്ന് രാഹുല്‍ വ്യക്തമാക്കി. തെരഞ്ഞെടുപ്പിനെ തരൂര് ക്യാമ്പും അനുകൂലിക്കുന്നു.
1072 വോട്ടുകള്‍ നേടിയ താന്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെടാന്‍ യോഗ്യനാണെന്ന് വിലയിരുത്തുമ്പോള്‍ തന്നെ പിന്തുണച്ചവരില്‍ ചിലരെ പ്രവര്‍ത്തക സമിതിയിലേക്ക് കൊണ്ടുവരാനും തരൂരിന് താല്‍പര്യമുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നടക്കം ഭൂരിപക്ഷം നേതാക്കളും സമവായത്തിലൂടെ ബര്‍ത്ത് ഉറപ്പിക്കാനാണ് ശ്രമിക്കുന്നത്. സാഹചര്യം പോലെ തീരുമാനമെടുക്കുമെന്നാണ് ഖർഗെ ക്യാമ്പിന്‍റെ പ്രതികരണം.
Read more:മല്ലികാർജ്ജുൻ ഖർഗെ നാളെ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേല്‍ക്കും; തരൂരിൻ്റെ പദവിയിലും ചർച്ച
നാളെ രാവിലെ പത്തരക്ക് എഐസിസി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ സോണിയ ഗാന്ധിയില്‍ നിന്ന് ഖര്‍ഗെ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കും. പുതിയ അധ്യക്ഷന്‍ ചുമതലയേറ്റാല്‍ മൂന്ന് മാസത്തിനകം പ്ലീനറി സമ്മേളനം ചേര്‍ന്ന് പ്രവര്‍ത്തക സമിതി പുനസംഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ. കഴിഞ്ഞ 25 വര്‍ഷത്തിനിടെ പൂര്‍ണ്ണമായും നാമനിര്‍ദ്ദേശത്തിലൂടെയായിരുന്നു പുനസംഘടന. 1997 നല്‍ കൊല്‍ക്കത്ത പ്ലീനറി സമ്മേളനത്തിലാണ് ഏറ്റവുമൊടുവില്‍ തെരഞ്ഞെടുപ്പ് നടന്നത്.
