സെപ്റ്റംബർ 11ന് രാഹുൽ യൂറോപ്പിൽ നിന്ന് തിരിക്കും. ജി20 അവസാനിക്കുന്ന അന്ന് മാത്രമാണ് രാഹുൽ തിരിച്ചെത്തുക. 

ദില്ലി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി വീണ്ടും യൂറോപ്യൻ സന്ദർശനത്തിന് പുറപ്പെട്ടു. ചൊവ്വാഴ്ചയാണ് ഒരാഴ്ചത്തെ സന്ദർശനത്തിന് രാഹുൽ പുറപ്പെട്ടത്. യൂറോപ്യൻ രാജ്യങ്ങളിലെ ഇന്ത്യക്കാരുമായും യൂറോപ്യൻ യൂണിയൻ അഭിഭാഷകരുമായും രാഹുൽ സംവദിക്കും. ഏഴിന് ഇയു അഭിഭാഷകരുമായി ബ്രസ്സൽസിൽ കൂടിക്കാഴ്ച നടത്തും. ഹേ​ഗിലും കൂടിക്കാഴ്ച നടത്തിയേക്കും. എട്ടിന് പാരീസ് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളുമായി സംവദിക്കും. ഒമ്പതിന് പാരീസിലെ ലേബർ യൂണിയനുമായി ചർച്ച നടത്തും. പിന്നീട് നോർവെയിലേക്ക് തിരിക്കും. 10ന് ഓസ്ലോയിൽ ഇന്ത്യൻ പ്രവാസികളുമായി സംസാരിക്കും. സെപ്റ്റംബർ 11ന് രാഹുൽ യൂറോപ്പിൽ നിന്ന് തിരിക്കും. ജി20 അവസാനിക്കുന്ന അന്ന് മാത്രമാണ് രാഹുൽ തിരിച്ചെത്തുക. 

സെപ്റ്റംബർ 9, 10, തിയ്യതികളിലാണ് ദില്ലിയില്‍ ജി20 യോഗം നടക്കുക. അർജന്റീന, ഓസ്‌ട്രേലിയ, ബ്രസീൽ, കാനഡ, ചൈന, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇന്തോനേഷ്യ, ഇറ്റലി, ജപ്പാൻ, ദക്ഷിണ കൊറിയ, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, തുർക്കി, യുഎസ്, യുകെ, യൂറോപ്യന്‍ യൂണിയന്‍ എന്നിവ ഉൾപ്പെടുന്നതാണ് ഗ്രൂപ്പ് ഓഫ് ട്വന്റി. 

അതേസമയം, ഇന്ത്യയിൽ നടക്കുന്ന ജി 20 ഉച്ചകോടിയിൽ നിന്ന് റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മിർ പുടിന് പിന്നാലെ ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങും വിട്ടു നിൽക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.. ഉച്ചകോടിക്കുള്ള സംയുക്ത പ്രഖ്യാപനത്തിൽ ഭിന്നത രൂക്ഷമാകുമ്പോഴാണ് ചൈന ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ചൈനീസ് പ്രസിഡന്‍റിന് പകരം പ്രധാനമന്ത്രി ലി ചിയാങാകും പങ്കെടുക്കുക.

Read More.... ഭരണം നിലനിർ‍ത്തണം, രാജസ്ഥാൻ തെരഞ്ഞെടുപ്പിനൊരുങ്ങി കോൺഗ്രസ്; ഗെലോട്ടും സച്ചിനും ഒന്നിച്ച് വിവിധ കമ്മിറ്റികൾ

വിദേശ നേതാക്കൾക്കുള്ള അകമ്പടി വാഹനങ്ങളുടെ മുതൽ ഹോട്ടലുകളുടെ സുരക്ഷ ഉൾപ്പെടെ പരിശോധന പൂർത്തിയാക്കി കഴിഞ്ഞു. ഉച്ചകോടി നടക്കുന്ന ന്യൂദില്ലി ജില്ലയിലെ ഒരോ മേഖലകളും കർശന നിരീക്ഷണത്തിലാണ്. സുരക്ഷ ജോലിക്കായി 130,000 ഉദ്യോഗസ്ഥരെ നിയോഗിച്ചു. ഇതിൽ എൺപതിനായിരം പേർ ദില്ലി പൊലീസുകാരാണ്.

Asianet News Live