ദില്ലി: രാഷ്ട്രപതി ഭവനില്‍ രണ്ടാം മോദി സര്‍ക്കാരിന്‍റെ അധികാരമേറ്റെടുക്കല്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ നിര്‍ണായക രാഷ്ട്രീയനീക്കവുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ശരത് പവാര്‍ നയിക്കുന്ന എന്‍സിപി (നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി) കോണ്‍ഗ്രസില്‍ ലയിച്ചേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദില്ലിയില്‍ എന്‍സിപി അധ്യക്ഷന്‍ ശരത് പവാറിന്‍റെ വസതിയിലെത്തിയ രാഹുല്‍ അദ്ദേഹവുമായി ഒരു മണിക്കൂറോളം കൂടിക്കാഴ്ച നടത്തിയതോടെയാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. എന്‍സിപി ലയിച്ചാല്‍ കോണ്‍ഗ്രസിന് പ്രതിപക്ഷ സ്ഥാനത്തിനായി അവകാശവാദം ഉന്നയിക്കാം. 

എന്‍സിപി- കോണ്‍ഗ്രസ് ലയനമായിരുന്നു കൂടിക്കാഴ്ചയിലെ മുഖ്യഅജന്‍ഡയെന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ശരത് പവാര്‍ രാഹുലിനോട് ആവശ്യപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 1999-ല്‍ സോണിയാഗാന്ധിയുടെ വിദേശ പൗരത്വം വിഷയമാക്കിയാണ് ശരത് പവാര്‍, പി എ സാങ്മ, താരീഖ് അന്‍വർ എന്നീ പ്രമുഖ നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടത്. ഇവര്‍ പിന്നീട് നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചു.  ആദ്യം കോണ്‍ഗ്രസുമായി അകന്ന് നിന്നെങ്കിലും പിന്നീട് എന്‍സിപി, യുപിഎയുടെ നിര്‍ണായക ഭാഗമാകുകയായിരുന്നു.