മുംബൈ: മാപ്പ് പറയാൻ താൻ 'രാഹുൽ സവർക്കറല്ല രാഹുൽ ഗാന്ധി'യാണെന്ന് ആഞ്ഞടിച്ച മുൻ കോൺഗ്രസ് അധ്യക്ഷന് മുന്നറിയിപ്പുമായി മഹാരാഷ്ട്രയിലെ സഖ്യകക്ഷി ശിവസേന. 'വീർ സവ‍ർക്കറെ' കോൺഗ്രസ് അപമാനിക്കരുത്, പകരം ബഹുമാനിക്കണമെന്നാണ് ശിവസേന വക്താവും രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്ത് പറഞ്ഞത്. മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റുവും എങ്ങനെ രാജ്യത്തിന് വേണ്ടി നിലകൊണ്ടുവോ അതുപോലെ സവർക്കറും നിലകൊണ്ടിട്ടുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

മോദിയുടെ സ്വപ്ന പദ്ധതി 'മേക്ക് ഇൻ ഇന്ത്യ'യെ കളിയാക്കി 'റേപ്പ് ഇൻ ഇന്ത്യ' എന്ന് പറഞ്ഞത് പിൻവലിച്ച് മാപ്പ് പറയാൻ വിസമ്മതിച്ച രാഹുൽ ഗാന്ധിക്കെതിരെ ബിജെപി ആ‌ഞ്ഞടിച്ചിരുന്നു. എന്നാൽ സത്യം പറഞ്ഞതിന് താനെന്തിന് മാപ്പ് പറയണം എന്നാണ് രാഹുൽ ഗാന്ധി ഇന്ന് ദില്ലിയിൽ നടത്തിയ 'ഭാരത് ബച്ചാവോ' റാലിയിൽ പറഞ്ഞത്.

'എന്‍റെ പേര് രാഹുൽ സവർക്കർ എന്നല്ല, എന്‍റെ പേര് രാഹുൽ ഗാന്ധി' എന്നാണ്. ഒരു കാരണവശാലും സത്യം പറഞ്ഞതിന്‍റെ പേരിൽ ഞാൻ മാപ്പ് പറയില്ല. അങ്ങനെ ഒരു കോൺഗ്രസുകാരനും മാപ്പ് പറയേണ്ടതില്ല. ഈ രാജ്യത്തിന്‍റെ സാമ്പത്തികസ്ഥിതി തച്ചുടച്ചതിന് നരേന്ദ്രമോദിയും അസിസ്റ്റന്‍റ് അമിത് ഷായുമാണ് മാപ്പ് പറയേണ്ടത്', ദില്ലിയിലെ രാംലീല മൈതാനിയിൽ നടത്തിയ വൻ റാലിയിൽ രാഹുൽ പറഞ്ഞു.

ഇതിന് പിന്നാലെ ശിവസേന മറുപടിയുമായി രംഗത്തെത്തി. 'പണ്ഡിറ്റ് നെഹ്റുവിനെയും മഹാത്മാഗാന്ധിയെയും ഞങ്ങൾ മാനിക്കുന്നു', മറാഠി ഭാഷയിലുള്ള ട്വീറ്റിൽ ശിവസേന വക്താവ് സഞ്ജയ് റാവത്ത് പറഞ്ഞു. 'അതുപോലെ നിങ്ങൾ വീർ സവർക്കറെയും അപമാനിക്കരുത്. ഇക്കാര്യത്തിൽ ബുദ്ധിയുള്ള ആളുകൾക്ക് കൂടുതൽ വിവരങ്ങൾ പറഞ്ഞുകൊടുക്കേണ്ടതില്ല', എന്ന് സഞ്ജയ് റാവത്ത്.

Read more at: 'മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല, രാഹുല്‍ ഗാന്ധിയാണ്', ആഞ്ഞടിച്ച് രാഹുല്‍

'മഹാരാഷ്ട്രയ്ക്ക് മാത്രമല്ല, ഈ രാജ്യത്തിന് തന്നെ ദേവനാണ് സവർക്കർ. അദ്ദേഹത്തിന്‍റെ പേര് ദേശസ്നേഹത്തിനും ആത്മാഭിമാനത്തിനും ഒപ്പം എഴുതിച്ചേർക്കപ്പെട്ടതാണ്. നെഹ്റുവിനും ഗാന്ധിക്കും ഒപ്പം അദ്ദേഹം സ്വന്തം ജീവിതം സ്വാതന്ത്ര്യത്തിനായി ഉഴിഞ്ഞു വച്ചതാണ്. അത്തരം ദേവൻമാരെ ബഹുമാനിക്കണം. അതിൽ ഒരു വിട്ടുവീഴ്ചയുമില്ല', എന്ന് മറ്റൊരു മറാഠി ട്വീറ്റ്.

35 വർഷം നീണ്ട സഖ്യം ഉപേക്ഷിച്ചാണ് ശിവസേന മഹാരാഷ്ട്രയിൽ കോൺഗ്രസിനും ശരദ് പവാറിന്‍റെ എൻസിപിക്കും ഒപ്പം ചേർന്നത്. സർക്കാർ രൂപീകരിക്കുകയും ചെയ്തു. 

എന്നാൽ ആശയപരമായി രണ്ട് ധ്രുവങ്ങളിൽ നിൽക്കുന്ന ഇരുപാർട്ടികളും സർക്കാർ രൂപീകരിച്ച് ആഴ്ചകൾക്കുള്ളിൽ തന്നെ പൗരത്വ നിയമഭേദഗതിയിൽ രണ്ട് നിലപാടെടുക്കുന്നത് കണ്ടു. ലോക്സഭയിൽ ബില്ലിനെ അനുകൂലിച്ച ശിവസേന രാജ്യസഭയിൽ വോട്ടെടുപ്പ് ബഹിഷ്കരിച്ചു. കോൺഗ്രസിന്‍റെ സമ്മർദ്ദം മൂലമാണിതെന്ന് വ്യക്തമായിരുന്നിട്ടും, രാജ്യതാത്പര്യം കണക്കിലെടുത്താണ് നിലപാട് മാറ്റിയതെന്ന് ശിവസേന വിശദീകരിക്കാൻ ശ്രമിച്ചിരുന്നതാണ്.

മഹാരാഷ്ട്രയിൽ രാഷ്ട്രീയസമവാക്യങ്ങൾ മാറി മറിഞ്ഞപ്പോൾ മുതൽത്തന്നെ ഹിന്ദുത്വ നയങ്ങൾക്കെതിരെ കോൺഗ്രസ് ഇനി എങ്ങനെ പ്രതികരിക്കുമെന്നത് എല്ലാവരും ഉറ്റുനോക്കുന്നതായിരുന്നു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിച്ച് ഒരു മാസം തികയുംമുമ്പ് തന്നെ ആദ്യത്തെ മുന്നറിയിപ്പ് സേനയിൽ നിന്ന് വന്ന് കഴിഞ്ഞു.