ദില്ലി: കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. സര്‍ക്കാര്‍ തസ്തികകളിലേക്ക് നിയമനം നടത്തുന്നത് തൽക്കാലം നിർത്തിവെക്കുമെന്ന വാർത്തയെ കുറിച്ചായിരുന്നു രാഹുലിന്‍റെ ട്വീറ്റ്. പരമാവധി സ്വകാര്യവത്ക്കരണമാണ് മോദി സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് രാഹുല്‍ ആരോപിച്ചു. 

"പരമാവധി സ്വകാര്യവത്കരണം, ഏറ്റവും ചുരുങ്ങിയ സർക്കാർ പങ്കാളിത്തം, ഇതാണ് മോദി ഗവൺമെന്റിന്റെ ചിന്ത.കൊവിഡിന്‍റെ മറവിൽ സർക്കാർ ഓഫീസുകളിലെ സ്ഥിര നിയമനം ഒഴിവാക്കുകയാണ് സർക്കാർ. യുവജനങ്ങളുടെ ഭാവി കവര്‍ന്നെടുത്ത് സ്വന്തം സുഹൃത്തുക്കളെ മുന്നോട്ട് നയിക്കുകയാണ് അവരുടെ ലക്ഷ്യം"രാഹുൽ ട്വീറ്റ് ചെയ്തു. 

നേരത്തെ മോദി സര്‍ക്കാരിന്റെ നോട്ട് നിരോധനത്തെ വിമര്‍ശിച്ചുകൊണ്ടും രാഹുല്‍ രംഗത്തെത്തിയിരുന്നു. രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെയും അസംഘടിത മേഖലയിലെ ആളുകളുടെയും നേര്‍ക്കുള്ള ആക്രമണമായിരുന്നു നോട്ട് നിരോധനം എന്നായിരുന്നു രാഹുല്‍ പറഞ്ഞത്. കള്ളപ്പണം വിതരണം ചെയ്യുന്നത് അവസാനിച്ചിട്ടില്ലെന്നും പൈശാചികവൽക്കരണം മൂലം ദരിദ്രരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നതെന്നും കോൺഗ്രസ് നേതാവ് പറഞ്ഞിരുന്നു.