അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് രാഹുലിന്‍റെ ട്വിറ്റര്‍ പോള്‍. 

ദില്ലി: ബിജെപിയെ പരിഹസിക്കുന്ന രീതിയില്‍ ട്വിറ്റര്‍ പോളുമായി രാഹുല്‍ ഗാന്ധി. ബിജെപിയുടെ പരാജയം എന്താണ് എന്നാണ് നാല് ഓപ്ഷനുകള്‍ നല്‍കി രാഹുലിന്‍റെ ട്വീറ്റ്. 24 മണിക്കൂര്‍ സമയമാണ് പോളില്‍ നല്‍‍കിയിരിക്കുന്നത്. വാര്‍ത്ത പ്രസിദ്ധീകരിക്കുന്ന സമയത്ത് ഒരു മണിക്കൂറാണ് പോളില്‍ അവശേഷിക്കുന്നത് ഇതിനകം 3.42 ലക്ഷം പേര്‍ പോള്‍ രേഖപ്പെടുത്തി കഴിഞ്ഞു. ഹിന്ദിയിലാണ് ചോദ്യവും ഓപ്ഷനും.

അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിര്‍ണ്ണായകമായ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്താണ് രാഹുലിന്‍റെ ട്വിറ്റര്‍ പോള്‍. വെറുപ്പിന്‍റെ രാഷ്ട്രീയം, തൊഴിലില്ലായ്മ, വിലക്കയറ്റം, നികുതി കൊള്ള എന്നിവയാണ് ചോദ്യത്തിന് രാഹുല്‍ നല്‍കിയിരിക്കുന്ന ഓപ്ഷനുകള്‍. വോട്ടെടുപ്പ് അവസാനിക്കാന്‍ മണിക്കൂറുകള്‍ ബാക്കിയുള്ളപ്പോള്‍ വെറുപ്പിന്‍റെ രാഷ്ട്രീയമാണ് ബിജെപിയുടെ പരാജയം എന്നാണ് പോളില്‍ പങ്കെടുത്തവരില്‍ 35 ശതമാനം പേര്‍ ബിജെപിയുടെ പരാജയമായി പറയുന്നത്. രണ്ടാംസ്ഥാനത്ത് തൊഴില്‍ ഇല്ലായ്മയാണ് 28 ശതമാനം. മൂന്നാംസ്ഥാനത്ത് വിലക്കയറ്റമാണ് 20 ശതമാനം, നികുതികൊള്ളയാണ് നാലാംസ്ഥാനത്ത് 17 ശതമാനം.

Scroll to load tweet…

എന്തായാലും ഇതിന് അടിയില്‍ രാഹുലിന്‍റെ ഈ പോളിനെതിരെ നിരവധി കമന്‍റുകളാണ് ബിജെപി അനുകൂലികള്‍ ഇടുന്നത്. മോദി സര്‍ക്കാറിന്‍റെ നേട്ടങ്ങള്‍ ചോദിച്ച് ട്വീറ്റ് പോള്‍ ചെയ്യാന്‍ രാഹുല്‍ തയ്യാറാണോ എന്നാണ് ചിലര്‍ ചോദിക്കുന്നത്. അതേ സമയം വോട്ടുകള്‍ ട്വിറ്ററില്‍ അല്ല പോളിംഗ് സ്റ്റേഷനിലാണ് നേടേണ്ടത് എന്ന് ചിലര്‍ പറയുന്നു.