ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമർശനവുമായി വീണ്ടും കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിന് പിന്നാലെയായിരുന്നു രാഹുലിന്റെ പ്രതികരണം. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

"ലഡാക്കിലുള്ളവര്‍ പറയുന്നു; ചൈന നമ്മുടെ ഭൂമി പിടിച്ചെടുത്തു. പ്രധാനമന്ത്രി പറയുന്നു: ആരും നമ്മുടെ ഭൂമി പിടിച്ചെടുത്തില്ല. ആരോ ഒരാള്‍ കള്ളം പറയുകയാണ്, തീര്‍ച്ച" എന്നായിരുന്നു രാഹുൽ ​ഗാന്ധിയുടെ ട്വീറ്റ്.

ലഡാക്ക് സംസാരിക്കുന്നു എന്ന പേരിലുള്ള ഒരു വീഡിയോയും ട്വീറ്റിനൊപ്പം പങ്കുവച്ചിട്ടുണ്ട്. ലഡാക്ക് പറയുന്നു; നമ്മുടെ ഭൂമി പിടിച്ചെടുത്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി നിശബ്ദത പാലിക്കുന്നത് എന്ന ചോദ്യത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്.

സംയുക്ത സൈനിക മേധാവിക്കും കരസേനമേധാവിക്കുക്കൊപ്പം ഇന്നാണ് പ്രധാനമന്ത്രി ലഡാക്ക് സന്ദര്‍ശനം നടത്തിയത്. അതിര്‍ത്തി സംഘര്‍ഷങ്ങളും ചര്‍ച്ചകളും നടക്കുന്നതിനിടെ മുൻകൂട്ടി പ്രഖ്യാപിക്കാതെ ആയിരുന്നു മോദിയുടെ യാത്ര.