കുടുംബാധിപത്യത്തെ കുറിച്ച് ചോദ്യം, ബിജെപി നേതാക്കളുടെ മക്കളെ ചൂണ്ടി രാഹുലിന്റെ പരിഹാസം
ബിജെപി നേതാക്കളോട് അവരുടെ മക്കള്‍ എന്താണ് ചെയ്യണമെന്ന് ചോദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു

ദില്ലി: ബിജെപിയിലെ കുടുംബാധ്യപത്യത്തെ പരിഹസിച്ച് കോൺഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങിന്റെയും മക്കൾ എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ചോദിച്ചു. മിസോറാമില്‍ മാധ്യമപ്രവർത്തകന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുൽ ഗാന്ധിയുടെ മറുപടി. തന്‍റെ അറിവില്‍ അമിത് ഷായുടെ മകന് ക്രിക്കറ്റ് നടത്തിപ്പാണ് പണിയെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങൾ തന്നോട് മാത്രമല്ല ബിജെപി നേതാക്കളോട് അവരുടെ മക്കള്‍ എന്താണ് ചെയ്യണമെന്ന് ചോദിക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മിസോറാമിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
രാഹുൽ ഗാന്ധി അപ്പീൽ നൽകി
കർണാടകയിൽ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട സംഭവത്തിൽ ആർഎസ്എസിനെതിരെ അപകീർത്തികരമായി പരാമർശം നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ബോറിവലി മജിസ്ട്രേറ്റ് കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017ൽ ആർഎസ്എസ് പ്രവർത്തകനും അഭിഭാഷകനുമായ ദ്രുതിമൻ ജോഷിയാണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, സീതാറാം യെച്ചൂരി എന്നവർക്കെതിരെയാണ് കേസ് നിലവിലുള്ളത്.