Asianet News MalayalamAsianet News Malayalam

ജമ്മു കശ്മീർ ഭിന്നിച്ചാൽ രാജ്യം ഒന്നിക്കില്ല, ഇത് സുരക്ഷാ ഭീഷണി: രാഹുൽ ഗാന്ധി

''ജമ്മു കശ്മീരിനെ ഭിന്നിപ്പിക്കുന്നതല്ല, രാജ്യത്തെ ഒന്നിപ്പിക്കുന്നതിനുള്ള വഴി. ഇത് ദേശസുരക്ഷയ്ക്ക് ഭീഷണി മാത്രമേ സൃഷ്ടിക്കൂ'', എന്ന് കോൺഗ്രസ് മുൻ അധ്യക്ഷൻ. 

rahul gandhi response on jammu and kashmir bills and imprisonment of leaders
Author
New Delhi, First Published Aug 6, 2019, 1:04 PM IST

ദില്ലി: ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളയാനും, സംസ്ഥാനത്തെ വിഭജിക്കാനുമുള്ള പ്രമേയത്തിലും ബില്ലുകളിൻമേലും ആദ്യ പ്രതികരണവുമായി രാഹുൽ ഗാന്ധി.

''ജമ്മു കശ്മീരിനെ ഏകപക്ഷീയമായി വലിച്ചുകീറുന്നത്, രാജ്യത്തെ ഒന്നിപ്പിക്കില്ല. അവിടത്തെ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ അറസ്റ്റ് ചെയ്യുകയും ജയിലിലിടുകയും ചെയ്യുന്നത് നമ്മുടെ ഭരണഘടനയുടെ ലംഘനമാണ്. ഈ രാജ്യമെന്നത് ഇവിടത്തെ ജനങ്ങളെക്കൊണ്ട് നിർമ്മിച്ചതാണ്. അല്ലാതെ വെറും ഭൂമികളുടെ ഖണ്ഡങ്ങൾ കൊണ്ടല്ല. അധികാരപ്രമത്തത ഈ രാജ്യത്തിന്‍റെ സുരക്ഷയിൽ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും'', രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. 

ഇന്നലെ രാജ്യസഭയിൽ ബില്ല് പാസ്സാക്കപ്പെട്ടിട്ടും ഇന്നാണ് രാഹുൽ ഇതേക്കുറിച്ച് പ്രതികരിക്കുന്നത്. അപ്രതീക്ഷിതമായി കൊണ്ടുവരപ്പെട്ട ബില്ലിൻമേൽ ഒരു നിലപാടില്ലാതെ നട്ടം തിരിയുകയായിരുന്നു കോൺഗ്രസ്. 

സോണിയാഗാന്ധിയും ഇതുവരെ ഔദ്യോഗികമായി ഒരു പ്രതികരണവും നടത്താൻ തയ്യാറായിട്ടില്ല. ബില്ലിൻമേൽ നിലപാട് തീരുമാനിക്കാൻ കോൺഗ്രസ് എംപിമാരുടെ യോഗം വിളിച്ചു. അതേസമയം, മുതിർന്ന പല നേതാക്കളും കേന്ദ്രസർക്കാരിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. 

കശ്മീർ സ്വദേശി കൂടിയായ ഗുലാംനബി ആസാദിനെ മുൻനിർത്തിയാണ് ഇന്നലെ കോൺഗ്രസ് പ്രതിരോധം നടത്തിയത്. ഗുലാം നബി ആസാദ്, ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ് ബില്ലുകളിലൂടെയും പ്രമേയത്തിലൂടെയും ചെയ്തതെന്ന് ഗുലാം നബി ആസാദ് ചൂണ്ടിക്കാട്ടി. ബില്ലവതരണത്തിനിടെ, കോൺഗ്രസ് അംഗങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും, മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. 

'ചരിത്രപരമായ തെറ്റ് തിരുത്തി'

ഇതിനെല്ലാമിടയിലും മുൻ എംപിമാരും മുതിർന്ന നേതാക്കളും ബില്ലിനെ അനുകൂലിച്ച് രംഗത്തെത്തിയത് കോൺഗ്രസിന് തലവേദനയായി. ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്‍റു, അന്നത്തെ മുഖ്യമന്ത്രി ഷെയ്‍ഖ് അബ്ദുള്ളയുമായി നടത്തിയ ചർച്ചകൾക്കും, വിശദമായ പരിശോധനകൾക്കും ശേഷമാണ് രാഷ്ട്രപതിയുടെ പ്രത്യേക ഉത്തരവായി ഭരണഘടനാ അനുച്ഛേദം 370 ഭരണഘടനയോട് ചേർക്കുന്നത്. നെഹ്‍റുവിന്‍റെ ആ തീരുമാനത്തെ തള്ളിപ്പറയുകയാണ ്മുതിർന്ന നേതാവ് ജനാർദ്ദൻ ദ്വിവേദി. ആ നീക്കം ''ചരിത്രപരമായ തെറ്റാണെ''ന്നാണ് ദ്വിവേദി പറഞ്ഞത്. 

''ഇതൊരു പഴയ പ്രശ്നമാണ്. സ്വാതന്ത്യത്തിന് ശേഷം, പല സ്വാതന്ത്ര്യ സമരസേനാനികളും 370 വേണ്ടെന്ന നിലപാടിലായിരുന്നു. എന്‍റെ രാഷ്ട്രീയഗുരു ഡോ. രാം മനോഹർ ലോഹ്യ ഈ അനുച്ഛേദത്തിനെതിരായിരുന്നു. ഇത് രാജ്യത്തിനാകെ സംതൃപ്തിയുണ്ടാക്കുന്ന തീരുമാനമാണെന്നാണ് വ്യക്തിപരമായി എന്‍റെ നിലപാട്'', ജനാർദ്ദൻ ദ്വിവേദി വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

മുതിർന്ന കോൺഗ്രസ് നേതാവും സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിയുമായിരുന്നു ജനാർദ്ദൻ ദ്വിവേദി. കഴിഞ്ഞ കുറച്ചു കാലമായി പാർട്ടിയ്ക്ക് വിഭിന്നമായ നിലപാട് സ്വീകരിച്ചുവരുന്ന ദ്വിവേദി, നോട്ട് നിരോധനത്തെയും സ്വാഗതം ചെയ്തിരുന്നു. 

അതേസമയം, ഹരിയാനയിൽ നിന്നുള്ള മുൻ കോൺഗ്രസ് എംപി ദീപേന്ദർ എസ് ഹൂഡയും തീരുമാനത്തെ അംഗീകരിച്ച് രംഗത്തെത്തി. ''370-ാം അനുച്ഛേദം ഭരണഘടനയിൽ വേണ്ടതില്ലെന്നാണ് എന്‍റെയും വ്യക്തിപരമായ അഭിപ്രായം. ഇത് ദേശതാത്പര്യത്തിന് അനുകൂലമായ തീരുമാനമാണ്. ഇതിലൂടെ യഥാർത്ഥത്തിൽ ജമ്മു കശ്മീർ ഇന്ത്യയുടെ ഭാഗമാവുകയാണ്. സമാധാനപരമായി ഈ നീക്കം നടപ്പാവുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ഈ സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്'', ഹൂഡ ട്വിറ്ററിൽ കുറിച്ചു. 

Follow Us:
Download App:
  • android
  • ios