Asianet News MalayalamAsianet News Malayalam

സംഘടനാ കാര്യം ചോദ്യമായി, അന്നത്തെ വാക്ക് പാലിച്ച് രാഹുലിന്‍റെ മറുപടി; രാജസ്ഥാൻ പ്രതിസന്ധിയിൽ ഇടപെടാൻ കെസി

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകർ രാഹുലിന്‍റെ അഭിപ്രായം തേടിയത്

rahul gandhi RESPONSE ON RAJASTHAN CONGRESS ISSUE
Author
First Published Nov 28, 2022, 10:35 PM IST

ഭോപ്പാൽ: കോൺഗ്രസ് അധ്യക്ഷനായി മല്ലികാർജ്ജുൻ ഖാർഗെ തെരഞ്ഞെടുക്കപ്പെട്ടപ്പോൾ രാഹുൽ ഗാന്ധി പറഞ്ഞത് സംഘടന കാര്യങ്ങളിൽ ഇനിയെല്ലാം ഖാർഗെയാകും തീരുമാനമെടുക്കുകയെന്നും അഭിപ്രായം പറയുക എന്നുമായിരുന്നു. ഭാരത് ജോഡോ യാത്രയ്ക്കിടയിൽ ഇന്ന് നടത്തിയ വാ‍ർത്താ സമ്മേളനത്തിൽ സംഘടനാ കാര്യത്തിൽ ഉയർന്ന ചോദ്യത്തിലെ രാഹുലിന്‍റെ മറുപടി അന്നത്തെ വാക്ക് പാലിക്കുന്നതായിരുന്നു. രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയെക്കുറിച്ചായിരുന്നു മാധ്യമ പ്രവർത്തകർ രാഹുലിന്‍റെ അഭിപ്രായം തേടിയത്. സംഘടന വിഷയങ്ങൾ മല്ലികാർജ്ജുൻ ഖർഗെയോട് ചോദിക്കണമെന്നായിരുന്നു രാഹുൽ മറുപടി നൽകിയത്.

അതേസമയം രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറി ഭാരത് ജോഡോ യാത്രയെ ബാധിക്കില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ യാത്ര തടയുമെന്ന ഭീഷണിക്കിടെയാണ് രാഹുലിന്‍റെ പ്രതികരണം. ഒരു പക്ഷത്തിനും അനുകൂല നിലപാട് വ്യക്തമാക്കാതെയാണ് പൊട്ടിത്തെറിയില്‍ രാഹുൽ നിലപാട് പറഞ്ഞത്. അശോക് ഗലോട്ടും സച്ചിന്‍ പൈലറ്റും പാര്‍ട്ടിയുടെ കരുത്താണെന്ന് പറഞ്ഞ രാഹുല്‍ ഭാരത് ജോഡോ യാത്രക്കെതിരായ ഭീഷണികളെ അപ്പാടെ തള്ളി കളഞ്ഞു. എന്നാൽ സംഘടനാപരമായ ഒരു മറുപടിയും രാഹുൽ വിഷയത്തിൽ പറഞ്ഞില്ലെന്നത് ശ്രദ്ധേയമാണ്.

'പാർട്ടിയാണ് വലുത്, നേതാക്കളല്ല', സച്ചിനെതിരെ ഗെലോട്ട് നടത്തിയ പരാമർശത്തിൽ കടുത്ത അതൃപ്തിയിൽ എഐസിസി

അതേസമയം ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍ പിന്നിടും വരെ മുഖ്യമന്ത്രി പദവി തര്‍ക്കത്തില്‍ ഇടപെടേണ്ടെന്നാണ് എ ഐ സി സി തീരുമാനം. സര്‍ക്കാരിന്‍റെ അവേശേഷിക്കുന്ന ഒരു വര്‍ഷം സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന ഒരു വിഭാഗം എം എല്‍ എമാരുടെയും ഗുര്‍ജര്‍ വിഭാഗത്തിന്‍റെയും സമ്മര്‍ദ്ദം കോണ്‍ഗ്രസിനെ എത്തിച്ചിരിക്കുന്നത് വലിയ പ്രതിസന്ധിയിലാണ്. ഭാരത് ജോഡോ യാത്ര തടഞ്ഞ് പ്രതിഷേധിക്കുമെന്ന സച്ചിന്‍ പൈലറ്റ് ഉള്‍പ്പെടുന്ന ഗുര്‍ജര്‍ വിഭാഗത്തിന്‍റെ ഭീഷണി നിലനില്‍ക്കുമ്പോള്‍  അനുനയ നീക്കങ്ങളുമായി എ ഐ സി സി ജനറല്‍സെക്രട്ടറി കെ സി വേണുഗോപാല്‍ നാളെ രാജസ്ഥാനിലെത്തും.

എന്നാൽ സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും ബി ജെ പിയുടെ പണം പറ്റി സച്ചിന്‍ ക്യാമ്പിലെ ചിലര്‍  കോണ്‍ഗ്രസില്‍ തുടരുന്നുവെന്നുമുള്ള മുഖ്യമന്ത്രി അശോക് ഗലോട്ടിന്‍റെ ആക്ഷേപത്തില്‍ എ ഐ സി സി നേതൃത്വം കടുത്ത അതൃപ്തിയിലാണ്. ഗലോട്ടിന്‍റെ ആക്ഷേപം ബി ജെ പി കൂടി ഏറ്റെടുത്തതോടെ രാജസ്ഥാനില്‍ തൊലിപ്പുറത്തുള്ള ചികിത്സ മാത്രം പോരെന്ന നിലപാടിലാണ് നേതൃത്വം. പാര്‍ട്ടിയാണ് വലുതെന്നും മുഖം നോക്കാതെ നടപടിയെടുക്കേണ്ടി വരുമെന്ന് എ ഐ സി സി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയത്  ഇതിന്‍റെ സൂചനയായി കാണാം. മാറിയ സാഹചര്യത്തില്‍ എം എല്‍ എമാരുടെ മനസറിയാന്‍  ഇടപെടണമെന്ന സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം നേതൃത്വം തള്ളിയിട്ടുമില്ല. സച്ചിനായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗലോട്ട് ആവര്‍ത്തിക്കുമ്പോള്‍ സാഹസിക ഇടപെടലിന് എ ഐ സി സി മുതിരുമോയെന്നാണ് കണ്ടറിയേണ്ടത്.

'രാഹുൽ താടി വടിച്ചാൽ നെഹ്റുവാകും,മുഖത്തിന് സദ്ദാം ഹുസൈന്‍റേതുമായുള്ള സാമ്യമാണ് പറഞ്ഞത്' ഹിമന്ത ബിശ്വ ശർമ

Follow Us:
Download App:
  • android
  • ios