Asianet News MalayalamAsianet News Malayalam

രാജിയിലുറച്ച് രാഹുല്‍; പിന്‍ഗാമിയെ പാര്‍ട്ടി തീരുമാനിക്കും

പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി വേണമെന്ന കാഴ്ചപ്പാടില്‍ ഉറച്ചു നിന്ന രാഹുലിനെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു.

rahul gandhi revealed that he will not continue as party president
Author
New Delhi, First Published Jun 20, 2019, 4:59 PM IST

ദില്ലി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍  ഗാന്ധി. തന്‍റെ പിന്‍ഗാമിയെ തീരുമാനിക്കുന്നത് പാര്‍ട്ടിയാണെന്നും രാഹുല്‍ പറഞ്ഞു. വ്യാഴാഴ്ച മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു രാഹുല്‍ നിലപാട് വ്യക്തമാക്കിയത്. പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്ന പ്രക്രിയയില്‍ പങ്കുചേരില്ലെന്നും തീരുമാനം പാര്‍ട്ടിക്ക് വിട്ട് നല്‍കിയിരിക്കുകയാണെന്നുമാണ് രാഹുലിന്‍റെ പ്രതികരണം. 

ലോകസഭ തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമാണ് കോണ്‍ഗ്രസിന്‍റെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാജി വയ്ക്കുകയാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചത്.  മെയ് 25-ന് നടന്ന പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്. പാര്‍ട്ടിയില്‍ അടിമുടി അഴിച്ച് പണി വേണമെന്ന കാഴ്ചപ്പാടില്‍ ഉറച്ചു നിന്ന രാഹുലിനെ രാജി തീരുമാനത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെടെ നിരവധി ശ്രമങ്ങള്‍ നടത്തിയിരുന്നു.

ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ ദേശീയ അധ്യക്ഷന്‍ വേണമെന്നില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടും ശ്രദ്ധേയമായി. പ്രിയങ്ക ഗാന്ധി സ്ഥാനമേറ്റെടുക്കുന്നതിനോടും രാഹുലിന് യോജിപ്പില്ല. പെട്ടെന്ന് രാജിവെച്ചാല്‍ പാര്‍ട്ടിക്ക് ദോഷമാകുമെന്ന അഭിപ്രായം  അംഗീകരിച്ച അദ്ദേഹം  പുതിയ അധ്യക്ഷനെ കണ്ടെത്തും വരെ സ്ഥാനത്ത് തുടരാമെന്നും സമ്മതിച്ചു.

അതിനിടെ പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന വാഗ്ദാനവുമായി മുന്‍ ഒളിമ്പ്യന്‍ അസ്‍ലം ഷേര്‍ ഖാന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. മെയ് 27 ന് രാഹുലിന് അയച്ച കത്തിലാണ് അധ്യക്ഷ പദവി ഏറ്റെടുത്ത് രണ്ട് വര്‍ഷത്തേക്ക് പാര്‍ട്ടിയെ നയിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കിയത്.

Follow Us:
Download App:
  • android
  • ios