ദില്ലി: അന്താരാഷട്ര യോഗ ദിനത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റിന്‍റെ യോഗാഭ്യാസ പ്രകടനങ്ങളെ പരോക്ഷമായി പരിഹസിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യന്‍ സൈന്യത്തിലെ ഡോഗ് യൂണിറ്റും അവയുടെ പരിശീലകരും ചേര്‍ന്ന് യോഗാഭ്യാസ പ്രകടനങ്ങള്‍ നടത്തുന്ന ചിത്രമാണ്  രാഹുല്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 

'പുതിയ ഇന്ത്യ' എന്ന നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ പ്രധാന മുദ്രാവാക്യമാണ് ട്വീറ്റിന് രാഹുല്‍ നല്‍കിയ തലക്കെട്ട്. രാഹുലിന്‍റെ വിവാദ ട്വീറ്റിനെതിരെ പ്രതികരണവുമായി നിരവധി ബി ജെ പി നേതാക്കള്‍ രംഗത്തെത്തി. ഇന്ത്യന്‍ സൈന്യത്തിലെ ധീര ജവാന്‍മാരെയും സൈന്യത്തിന്‍റെ ഡോഗ് യൂണിറ്റിനെയും യോഗാ പാരമ്പര്യത്തെയും അതുവഴി ഇന്ത്യയെയും രാഹുല്‍ അപമാനിച്ചെന്ന് ബി ജെ പി നേതാവ് തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

രാഹുല്‍ ഗാന്ധി ഇന്ത്യയുടെ പാരമ്പര്യത്തെയും സൈന്യത്തെയും അവഹേളിച്ചെന്ന് ബിജെപി വക്താവ് സമ്പിത് പത്ര പറഞ്ഞു. എല്ലാ നായ്ക്കളും രാഹുല്‍ ഗാന്ധിയുടെ വളര്‍ത്തുനായയായ പിഡിയെപ്പോലെ അല്ലെന്നും ഇന്ത്യയുടെ കാവല്‍ക്കാരായ സൈന്യത്തിന്‍റെ ഡോഗ് യൂണിറ്റിനെ ബഹുമാനിക്കാന്‍ രാഹുല്‍ പഠിക്കണമെന്നും പത്ര കൂട്ടിച്ചേര്‍ത്തു.