തെക്കെ ഇന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രധാന്യം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ അതിനെ നമ്മൾ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ചെന്നൈ: തമിഴ്നാട്ടിലേക്ക് വരുന്നത് എപ്പോഴും ആദരമാണെന്നും ഇവിടത്തെ മണ്ണിനോടും ജനങ്ങളോടും സവിശേഷമായ ബന്ധം മനസിലുണ്ടെന്നും രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ ആദ്യ പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. തിരുവള്ളൂർ പൊന്നേരിയിലായിരുന്നു യോഗം കൂടിയത്. തമിഴ്നാടിനെയും ഭാഷയെയും സംസ്കാരത്തെയും, ബിജെപിയും ആർഎസ്എസും ആക്രമിക്കാൻ ശ്രമികുമ്പോൾ താൻ മനസ്സിലൊരു തമിഴനായി മാറും. ഇവർക്ക് എങ്ങനെ ധൈര്യം വരുന്നു എന്നോർക്കും. ഇന്നലെയും അത് കണ്ടുവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വനിത ബില്ലിന് പിന്നിൽ ഉണ്ടായിരുന്നത് മണ്ഡലപുനർനിർണയമാണ്. പാർലമെന്റിൽ തമിഴ്നാടിന്റെ പ്രാതിനിധ്യം കുറയ്ക്കാൻ ആയിരുന്നു ശ്രമം. തെക്കെ ഇന്ത്യയുടെയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെയും പ്രധാന്യം കുറയ്ക്കാൻ ശ്രമിച്ചു. എന്നാൽ തങ്ങൾ അതിനെ തോൽപ്പിച്ചുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഇന്ത്യൻ യൂണിയനിന്റെ അർത്ഥം എന്താണെന്ന് നോക്കൂ. എല്ലാ സംസ്ഥാനത്തിനും ഒരേ പ്രാധാന്യമുണ്ട്. എല്ലാവരുടെയും ശബ്ദം ഒരു പോലെ കേൾക്കണം.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന് മോദി പറയുമ്പോൾ ഭരണഘടനയെ ആക്രമിക്കുകയാണ് ചെയ്യുന്നത്. പണ്ട് സൈന്യം ഉപയോഗിച്ചു രാജ്യങ്ങളെ ആക്രമിച്ചു. എന്നാൽ ഇന്ന് സൈന്യം ഇല്ലാതെ ബിജെപി അത് ചെയ്യുന്നു. തമിഴ് ഭാഷയെയും ചരിത്രത്തെയും തകർക്കാൻ ശ്രമിക്കുന്നു. നമ്മൾ അത് ഒരിക്കലും അനുവദിക്കില്ല. ബിജെപിയും ആർഎസ്എസും അറിവില്ലാത്തവരാണ്. തമിഴർ ആരെന്ന് അവർക്ക് അറിയില്ല. തമിഴ് ജനതയ്ക്ക് തമിഴ് ഭാഷ എന്താണെന്ന് അവർക്ക് അറിയില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ബിജെപിക്ക് തൊടാൻ കഴിയാത്ത ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രം ഉണ്ട് തമിഴിന്. അവർക്ക് വേണ്ടത് ദില്ലിയിൽ നിന്ന് നിയന്ത്രിക്കാനാകുന്ന സർക്കാരിനെയാണ്. അമിത് ഷായുടെ ഉത്തരവ് അനുസരിക്കുന്ന മുഖ്യമന്ത്രിയെയാണ്. ട്രംപ് മോദിയെ നിയന്ത്രിക്കും പോലെ വേണം. എന്നാൽ ബിജെപിയും ആർഎസ്എസും അടിസ്ഥാനപരമായി തമിഴ് വിരുദ്ധർ ആണെന്ന് തമിഴ് ജനത അറിയണം. തമിഴ്നാടിന്റെ ശബ്ദം ഇല്ലാതാക്കാനാണ് ശ്രമിച്ചത്.
ബിജെപിക്ക് ഒരിക്കലും തമിഴ് സംസ്കാരത്തെ തൊടനാകില്ല, തമിഴ് ഭാഷയെയും. ബിജെപി ആക്രമണത്തിൽ നിന്ന് തമിഴ്നാടിനെ സംരക്ഷിക്കുന്നത് ഡിഎംകയും സഖ്യകക്ഷികളുമാണ്. സാമൂഹ്യനീതിയാണ് തമിഴ്നാടിന്റെ സ്വത്വം. തമിഴ്നാടിന് 6 ഗ്യാരണ്ടി നൽകുന്നു. സ്ത്രീകൾക്ക് പ്രതിമാസം 2000 രൂപ, മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ, കോളേജ് വിദ്യാർത്ഥികൾക്ക് മാസം 2000 രൂപയുടെ സ്കോളർഷിപ്, ഭക്ഷ്യ സുരക്ഷയ്ക്ക് കുടുംബങ്ങൾക്ക് മാസം 2500 രൂപയും നൽകും. തമിഴ്നാട് മുഖ്യമന്ത്രി ദില്ലിക്ക് റിപ്പോർട്ട് ചെയ്യണം എന്നാണ് മോദിയുടെ ആഗ്രഹം. തമിഴ്നാടിന്റെ ഭാവി ദില്ലി തീരുമാനിക്കണം എന്ന് അവർ പറയുന്നു. എന്നാൽ ഞങ്ങൾ പറയുന്നു തമിഴ് ജനത തന്നെ ജനതയുടെ ഭാവിയും നിർണായിക്കണം. തമിഴ് ജനതയെയും തമിഴ് ഭാഷയെയും തൊടാൻ കഴിയുന്ന ഒരു ശക്തിയും ജനിച്ചിട്ടില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മോദി വരുമ്പോൾ നിങ്ങൾ ഓർക്കണം. ദില്ലിയിൽ ഇരുന്ന് തമിഴ്നാടിനെ നിയന്ത്രിക്കാൻ ആണ് ശ്രമമെന്ന്. ഞങ്ങളും കേന്ദ്രം ഭരിച്ചിട്ടുണ്ട്. എന്നാൽ ഒരിക്കലും തമിഴ്നാടിനെ വരുതിയിൽ ആക്കാൻ ശ്രമിച്ചിട്ടില്ല. എ ഐ എ ഡി എം കെയെ ബിജെപി ഇല്ലാതാക്കി, ഒരിക്കൽ ഡി എം കെയെ പോലെ തമിഴ്നാടിനെ കാത്ത പാർട്ടി ആണ് എ ഐ എ ഡി എം കെ. ആ പാർട്ടി മരിച്ചു, ഇന്നുള്ളത് മുഖംമൂടിയാണ്. അവരുടെ പതാകയ്ക്ക് പിന്നിൽ മോദിയാണ്. മോദിയും അമിത് ഷായും ചേർന്ന് എ ഐ എ ഡി എം കെയെ ഇല്ലാതാക്കി. അഴിമതി കാരണം ആ പാർട്ടി മോദിക്ക് കീഴടങ്ങിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
അതേസമയം സ്റ്റാലിനെ കുറിച്ച് ഒന്നും പറയാതെ തമിഴ്നാട്ടിൽ രാഹുലിന്റെ ആദ്യ റാലി. ഡി എം കെ എന്ന് 4 തവണ പറഞ്ഞു. 2024ലെ പ്രസംഗങ്ങൾ തുടങ്ങിയിരുന്നത് സഹോദരൻ സ്റ്റാലിൻ എന്ന വിശേഷണത്തോടെയായിരുന്നു. രാഹുലിന്റെയും സ്റ്റാലിന്റെയും വലിയ ചിത്രങ്ങളും അന്ന് വേദിയിൽ ഉണ്ടായിരുന്നു.


