ദില്ലി: ലഡാക്കിലെ ഗൽവാനിൽ  വീരമൃത്യു വരിച്ച 20 സൈനികരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിച്ച് രാഹുൽ ഗാന്ധി കത്തയച്ചു. സൈനികരുടെ ത്യാഗത്തിൽ  രാജ്യം തല കുനിക്കുന്നു. സൈനികരുടെ ദേശസ്നേഹം രാജ്യം മറിക്കില്ല. തന്‍റെ പ്രാർത്ഥനയും ചിന്തയും കുടുംബത്തോടൊപ്പം എന്നും രാഹുൽ ഗാന്ധി കത്തിൽ കുറിച്ചിട്ടുണ്ട്. 

അതേസമയം അതിർത്തിയിലെ സംഘർഷത്തെചൊല്ലി രാഷ്ട്രീയ തർക്കം മുറുകുകയാണ്. അതിർത്തിയിൽ സൈനികരെ ആയുധമില്ലാതെ അയച്ചതെന്തിനെന്ന രാഹുൽഗാന്ധിയുടെ ചോദ്യത്തിന് മറുപടിയുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ രംഗത്തെത്തി. സൈനികർ സായുധരായിരുന്നുവെന്നും ചൈനീസ് സേനയുമായുള്ള സംഘർഷത്തിൽ വർഷങ്ങളായുള്ള ധാരണപ്രകാരം തോക്കുകൾ ഉപയോഗിച്ചില്ലെന്നും ജയശങ്കർ പറഞ്ഞു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി പണ്ട് കരാർ ഒപ്പുവച്ചതെന്തിനെന്ന് രാഹുൽ വിശദീകരിക്കണമെന്നും ബിജെപി വക്താവ് സംബിത് പാത്ര തിരിച്ചടിച്ചു.