ബൈക്ക്, കാർ, ട്രാക്ടർ, ട്രക്ക് എന്നിവയുടെ ഫുൾ ടാങ്ക് ഇന്ധനത്തിന്റെ നിലവിലെ വില 2014 ലെ വിലയുമായി താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫിക് ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കിട്ടു.

ദില്ലി: പെട്രോൾ ഡീസൽ വില (Petrol - Diesel Price) കുത്തനെ കൂടുന്നതിൽ കേന്ദ്രത്തിനെ (Central Govt) രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി (Rahul Gandhi). രണ്ടാഴ്ചക്കുള്ളിൽ 12 മാത്തെ വർദ്ധനവാണ് ഒടുവിലായി സംഭവിച്ചിരിക്കുന്നതെന്ന് പറഞ്ഞ രാഹുൽ വില വർദ്ധനവിലെ "പ്രധാനമന്ത്രി ജൻധൻ ലൂട്ട് യോജന" എന്ന് പരിഹസിച്ചു. ബൈക്ക്, കാർ, ട്രാക്ടർ, ട്രക്ക് എന്നിവയുടെ ഫുൾ ടാങ്ക് ഇന്ധനത്തിന്റെ നിലവിലെ വില 2014 ലെ വിലയുമായി താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫിക് ചിത്രം രാഹുൽ ഗാന്ധി ട്വിറ്ററിൽ പങ്കിട്ടു.

മോദി സർക്കാരിന്റെ കീഴിലുള്ള ഓരോ പ്രഭാതവും ഉത്സാഹത്തേക്കാൾ വിലക്കയറ്റത്തിന്റെ ദുഃഖമാണ് കൊണ്ടുവരുന്നതെന്ന് കോൺഗ്രസ് മുഖ്യ വക്താവ് രൺദീപ് സുർജേവാല പറഞ്ഞു. "ബി.ജെ.പിക്ക് വോട്ട് എന്നതിനർത്ഥം പണപ്പെരുപ്പത്തിനുള്ള ജനവിധി" എന്നാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

"ഇന്ന് ഇന്ധന കൊള്ളയുടെ പുതിയ ഗഡുവിൽ, പെട്രോളിനും ഡീസലിനും രാവിലെ 0.40 രൂപ വർദ്ധിപ്പിച്ചു" അദ്ദേഹം ഹിന്ദിയിൽ ഒരു ട്വീറ്റിൽ പറഞ്ഞു. സി‌എൻ‌ജിക്ക് കിലോയ്ക്ക് 2.50 രൂപ കൂടി, രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോൾ, ഡീസൽ വിലയിൽ 8.40 രൂപ വർദ്ധനവുണ്ടായെന്നും സുർജേവാല പറഞ്ഞു.

സംസ്ഥാന ഇന്ധന ചില്ലറ വ്യാപാരികളുടെ വില വിജ്ഞാപനം അനുസരിച്ച് ദില്ലിയിൽ പെട്രോളിന് മുമ്പുണ്ടായിരുന്ന 103.41 രൂപയിൽ നിന്ന് 103.81 രൂപയായി വില വർദ്ധിച്ചു. അതേസമയം ഡീസൽ നിരക്ക് ലിറ്ററിന് 94.67 രൂപയിൽ നിന്ന് 95.07 രൂപയായി ഉയർന്നു. രാജ്യത്തുടനീളം നിരക്കുകൾ വർദ്ധിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയനുസരിച്ച് ഓരോ സംസ്ഥാനത്തിന്റെയും വിലയിൽ വ്യത്യാസമുണ്ട്. നിരക്ക് പരിഷ്കരണത്തിലെ നാലര മാസത്തെ നീണ്ട ഇടവേള മാർച്ച് 22 ന് അവസാനിച്ചതിന് ശേഷം ഇത് 12-ാമത്തെ വില വർദ്ധനവാണ്. പെട്രോൾ വില ലിറ്ററിന് 8.40 രൂപയാണ് വർദ്ധിച്ചത്. 

Scroll to load tweet…