കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് വിജയിയെ അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്.

ചെന്നൈ : തമിഴ്‌നാട്ടിലെ കരൂരിൽ തമിഴക വെട്രി കഴകം റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച ദാരുണ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ടി.വി.കെ. നേതാവും നടനുമായ വിജയ്‌യെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഫോണിൽ വിളിച്ച് അനുശോചനം അറിയിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചതിന് തൊട്ടു പിന്നാലെയാണ് രാഹുൽ ഗാന്ധി, വിജയ്‌യുമായി സംസാരിച്ചത്. നേരത്തെ രാഹുൽ ഗാന്ധിയെ ദിലിയിൽ അറസ്റ്റ് ചെയ്ത വേളയിൽ അറസ്റ്റിനെതിരെ വിജയ് പ്രസ്താവന ഇറക്കിയിരുന്നു. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് വർഷങ്ങൾക്ക് മുൻപ് രാഹുൽ നേരിട്ട് ആവശ്യപ്പെട്ടിരുന്നു

ഫോൺ വിളിക്ക് പിന്നിലെ രാഷ്‌ട്രീയം?

ഫോൺ വിളിക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് കോൺഗ്രസ് നേതൃത്വം വ്യക്തമാക്കി. ഫോൺ വിളിയിൽ രാഷ്ട്രീയം ഇല്ല, ദുരന്തത്തിൽ അനുശോചനം അറിയിക്കുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. തമിഴ്‌നാട് പി.സി.സി. ദുരന്തത്തിൽപ്പെട്ടവർക്കായി ഒരു കോടി രൂപയുടെ ധനസഹായം നൽകുമെന്നും വേണുഗോപാൽ വ്യക്തമാക്കി.

എന്നാൽ, രാഹുൽ ഗാന്ധിയും വിജയ്‌യും തമ്മിലുള്ള വ്യക്തി ബന്ധത്തിന്റെ ഭാഗമായാണ് നേരിട്ട് ബന്ധപ്പെട്ടതെന്നാണ് സൂചന. വർഷങ്ങൾക്കുമുമ്പ് രാഹുൽ ഗാന്ധി നേരിട്ട്, വിജയ്‌യോട് രാഷ്ട്രീയത്തിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കൂടാതെ, അടുത്തിടെ രാഹുൽ ഗാന്ധിയെ ഡൽഹിയിൽ അറസ്റ്റ് ചെയ്ത വേളയിൽ, അറസ്റ്റിനെതിരെ വിജയ് പ്രസ്താവനയിറക്കി പിന്തുണ അറിയിച്ചിരുന്നു. 

മരണ സംഖ്യ ഉയരുന്നു…

വിജയ്‌യുടെ റാലിയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 41 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 65 വയസ്സുകാരി സുഗുണയാണ് മരിച്ചത്. അതേസമയം, ചികിത്സയില്‍ കഴിഞ്ഞിരുന്ന 55 പേര്‍ ആശുപത്രി വിട്ടു. നിലവില്‍ 50 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. മരിച്ചവരിൽ ഭൂരിഭാഗം പേരും കരൂര്‍ സ്വദേശികളാണ്. ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.