Asianet News MalayalamAsianet News Malayalam

നടന്നത് കർഷകർക്ക് നേരെയുള്ള സർക്കാർ ആക്രമണം, ലഖിംപൂരിൽ പോകുമെന്ന് ആവർത്തിച്ച് രാഹുൽ ഗാന്ധി

രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ​ഗാന്ധി പറഞ്ഞു.

rahul gandhi to visit Lucknow today
Author
Delhi, First Published Oct 6, 2021, 10:45 AM IST

ദില്ലി: ഇന്ത്യയിലെ കർഷകർക്ക് നേരെ സർക്കാർ നടത്തിയ ആക്രമണമാണ് ലഖിംപൂരിൽ (Lakhimpur) കണ്ടെതന്ന് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി (rahul gandhi). സംഘ‍ർഷത്തിൻ്റെ ആസൂത്രകനായ കേന്ദ്രമന്ത്രിക്കെതിരെ (Ajay Mishra) ഇതുവരെ നടപടിയെടുത്തിട്ടില്ല. രാജ്യത്തെ കർഷകർക്ക് നേരെ പലതരത്തിലുള്ള ആക്രമണങ്ങളാണ് സർക്കാർ നടത്തുന്നതെന്നും ദില്ലിയിൽ എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കണ്ട രാഹുൽ ​ഗാന്ധി പറഞ്ഞു. ഇന്ന് വൈകുന്നേരം നാല് മണിയോടെ ലഖിംപൂരിലെത്താനാണ് രാഹുലിൻ്റെ പദ്ധതി. എന്നാൽ അദ്ദേഹത്തെ വിമാനത്താവളത്തിന് പുറത്തേക്ക് കടക്കാൻ യുപി പൊലീസ് (uttarpradesh police) അനുവദിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. 

രാഹുലിൻ്റെ വാക്കുകൾ - 

''പല രീതിയിൽ കർഷകർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയാണ് കേന്ദ്രസർക്കാർ. പല വിധ ബില്ലുകൾ നടപ്പാക്കി രാജ്യത്തെ കർഷകരെ ബുദ്ധിമുട്ടിക്കുന്നു. സംഘർഷത്തിന് ശേഷം ലക്നൗ വരെ പോയ പ്രധാനമന്ത്രി പക്ഷേ ലഖിംപൂരിൽ പോയില്ല. കർഷകരുടെ ശക്തി തിരിച്ചറിയാത്ത സർക്കാരാണിത്. കോൺഗ്രസ് സംഘം ലഖിംപൂരിൽ പോയി കൊല്ലപ്പെട്ട കർഷകരുടെ കുടുംബത്തെ കാണും. ‍ഞങ്ങൾ മൂന്ന് പേരാകും പോകുക.അതിനാൽ 144 പ്രകാരമുള്ള നിരോധനം ബാധകമല്ല. പ്രതിപക്ഷത്തിന്റെ ചുമതല സർക്കാരിൽ നീതിക്കായി സമ്മർദ്ദം ചെലുത്തുക എന്നതാണ്. അതുഞങ്ങൾ നടപ്പാക്കും. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും കൈ പിടിയിലാക്കാൻ സർക്കാർ ശ്രമിക്കുകയാണ്. രാജ്യത്ത് നിലനിൽക്കുന്നത് ഏകാധിപത്യമാണ്. ക‍ർഷകരെ കാണാൻ ശ്രമിക്കുന്ന എല്ലാ നേതാക്കളേയും യുപി സർക്കാർ തടയുകയാണ്. ഒരു കാരണവുമില്ലാതെ ഇൻറർനെറ്റ് വിഛേദിക്കുന്നു. രാജ്യത്തിൻ്റെ ജനാധിപത്യ മൂല്യങ്ങളെ കടന്നാക്രമിക്കാൻ ശ്രമിക്കരുത്.''

ലഖിംപൂർ സന്ദർശിക്കാൻ അനുമതി തേടി കഴിഞ്ഞ ദിവസം കോൺ​ഗ്രസ് യുപി സർക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ സ്ഥലത്ത്  നിരോധനാജ്ഞ പ്രഖ്യാപിച്ചതിനാൽ സന്ദർശനത്തിന് അനുമതി നൽകാനാവില്ലെന്ന് യുപി സർക്കാർ മറുപടി നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്ന് പേരുമായി ലഖീംപൂർ സന്ദർശിക്കുമെന്ന് രാഹുൽ പ്രഖ്യാപിച്ചത്. 

വൈകുന്നേരം നാല് മണിയോടെ ലഖിംപുരിലെത്തുന്ന രാഹുൽ മരിച്ച കർഷകരുടെ കുടുംബാംഗങ്ങളെ സന്ദർശിക്കുമെന്നാണ് AICC വ്യക്തമാക്കുന്നത്. തുടർന്ന് സീതാപുരിലെത്തി പ്രതിഷേധിക്കുന്ന കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്യും. അറസ്റ്റിലായ പ്രിയങ്ക ഗാന്ധി സീതാ പുരിലെ പോലീസ് കേന്ദ്രത്തിൽ തുടരുകയാണ്. ലഖിംപൂർ സന്ദർശിക്കാതെ മടങ്ങില്ലെന്ന നിലപാടിലാണ് പ്രിയങ്ക. ആരോപണ വിധേയനായ കേന്ദ്ര സഹമന്ത്രി അജയ് മിശ്ര രാജി വയ്ക്കും വരെ പ്രതിഷേധം തുടരാനാണ് കോൺ​ഗ്രസിൻ്റെ തീരുമാനം. 

Follow Us:
Download App:
  • android
  • ios