ദില്ലി: നീറ്റ്-ജെഇഇ പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച് പരീക്ഷാർത്ഥികൾക്ക് പറയാനുള്ളതു കൂടി കേൾക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്ന് കോൺ​ഗ്രസ് നേതാവും എംപിയുമായ രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടു. അവരുടെ പ്രശ്നങ്ങൾ കേട്ടശേഷം അനുയോജ്യമായ പരിഹാരം സർക്കാർ കണ്ടെത്തണമെന്നും രാഹുൽ ട്വീറ്റ് ചെയ്തു. കൊവിഡ് വ്യാപത്തിന്റെ പശ്ചാത്തലത്തിൽ മെഡിക്കൽ-എഞ്ചിനീയറിം​ഗ് പ്രവേശന പരീക്ഷകൾ നീട്ടി വയ്ക്കണമെന്ന് വിദ്യാർത്ഥികൾ ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് രാഹുലിന്റെ ട്വീറ്റ്.

'നീറ്റ്-ജെഇഇ പരീക്ഷാർത്ഥികൾക്ക് അവരുടെ ആരോ​ഗ്യവും ഭാവിയും സംബന്ധിച്ച് ആശങ്കകളുണ്ട്. കൊവിഡ്  ഭീതി, രോ​ഗവ്യാപന സാഹചര്യത്തിലും അസമിലെയും ബീഹാറിലെയും പ്രളയസാഹചര്യത്തിലും ​ഗതാ​ഗത സൗകര്യങ്ങൾ ലഭ്യമാകുമോ എന്ന ആശങ്ക തുടങ്ങിയവയെല്ലാം വിദ്യാർത്ഥികൾക്കുണ്ട്. ഇവരെ കേട്ട് പ്രശ്നപരിഹാരം കണ്ടെത്താൻ കേന്ദ്രസർക്കാർ തയ്യാറാകണം.' രാഹുൽ ട്വീറ്റ് ചെയ്തു.

നിലവിലെ സാഹചര്യത്തിൽ നീറ്റ് പോലെയുള്ള പരീക്ഷകൾ നടത്തുന്നത് സുരക്ഷിതമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന്  അഭിപ്രായപ്പെട്ടു.  കൊവിഡ് വ്യാപന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റിവെയ്ക്കണം. പല സംസ്ഥാനങ്ങളും ഇത് ആവശ്യപ്പെട്ടു കഴിഞ്ഞു എന്നും യെച്ചൂരി പറഞ്ഞു.

അതേസമയം, പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ തമിഴ്നാട്ടിൽ മെഡിക്കൽ പ്രവേശനത്തിന് അനുമതി നൽകണമെന്ന് തമിഴ്നാട് സർക്കാർ. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തമിഴ്നാട് മുഖ്യമന്ത്രി കത്തയച്ചു.

കൊവിഡ് വ്യാപനം കണക്കിലെടുത്ത്  ഈ വർഷത്തെ മെഡിക്കൽ പ്രവേശനത്തിന് നീറ്റ് ഒഴിവാക്കണമെന്നാണ് കത്തിലെ ആവശ്യം. പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്തണമെന്ന ആവശ്യം ഡിഎംകെ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയതിന് പിന്നാലെയാണ് സർക്കാർ നീക്കം.