Asianet News MalayalamAsianet News Malayalam

കശ്മീര്‍ സന്ദര്‍ശത്തിന് തയ്യാറെന്ന് വീണ്ടും ട്വീറ്റ് ; ഗവർണ്ണറുടെ മറുപടി ദുർബലമാണെന്നും രാഹുല്‍ ഗാന്ധി

രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നായിരുന്നു ആദ്യ ട്വീറ്റിന് ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ പ്രതികരണം.
 

rahul gandhi tweeted again on kashmir visit and governer satyapal maliks invitation
Author
Delhi, First Published Aug 14, 2019, 12:07 PM IST

ദില്ലി: ഉപാധികളില്ലാതെ കശ്മീര്‍ സന്ദർശനത്തിന് തയ്യാറെന്ന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. തന്റെ ട്വീറ്റിനുള്ള ജമ്മു കശ്മീര്‍ ഗവർണ്ണറുടെ മറുപടി ദുർബലമാണെന്നും  അദ്ദേഹം അഭിപ്രായപ്പെട്ടു.  രാഹുൽ ഗാന്ധിക്ക് രാഷ്ട്രീയ അജണ്ടയുണ്ടെന്നായിരുന്നു ആദ്യ ട്വീറ്റിന് ഗവർണ്ണർ സത്യപാൽ മാലിക്കിന്റെ പ്രതികരണം.

ആര്‍ട്ടിക്കിള്‍ 370 പിന്‍വലിച്ച നടപടിക്ക് ശേഷം ജമ്മുകശ്മീരില്‍ സംഘര്‍ഷം നിലനില്ക്കുന്നെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ്  ഗവര്‍ണര്‍ സത്യപാൽ മാലിക് കഴിഞ്ഞ ദിവസം രംഗത്തെത്തിയത്. 'ഞാന്‍ താങ്കളെ ഇവിടേക്ക് (ജമ്മു കാശ്മീര്‍) ക്ഷണിക്കുകയാണ്. താങ്കള്‍ക്ക് വിമാനം അയച്ചുതരാം. ഇവിടെ വന്ന് സ്ഥിതിഗതികള്‍ മനസിലാക്കിയ ശേഷം പ്രതികരിക്കുക' എന്നായിരുന്നു ഗവര്‍ണര്‍ പറ‌ഞ്ഞത്.  ഉത്തരവാദിത്തപ്പെട്ട  നേതാവായ രാഹുല്‍ ഇത്തരത്തിലുള്ള  പ്രതികരണങ്ങള്‍  നടത്തരുതെന്നും ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിക്ക് വര്‍ഗീയതയുടെ മുഖം നല്‍കരുതെന്നും ഗവര്‍ണര്‍ അഭിപ്രായപ്പെട്ടിരുന്നു.

ഇതിന് പിന്നാലെ ഗവര്‍ണറുടെ ക്ഷണം സ്വീകരിക്കുകയാണെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. കശ്മീരിലെ ജനങ്ങളെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളെയും സൈനികരേയും കാണാനും അവരോട് സംസാരിക്കാനുമുള്ള സ്വാതന്ത്ര്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട രാഹുല്‍ തനിക്കു വേണ്ടി വിമാനം നല്‍കേണ്ടതില്ലെന്നും ട്വീറ്റില്‍ പറഞ്ഞു. ഈ പശ്ചാത്തലത്തിലായിരുന്നു രാഹുലിന്‍റേത് രാഷ്ട്രീയ അജണ്ടയാണെന്ന് ഗവര്‍ണര്‍ പ്രതികരിച്ചത്. 

Follow Us:
Download App:
  • android
  • ios