Asianet News MalayalamAsianet News Malayalam

'എന്നെയും അറസ്റ്റ് ചെയ്യൂ', മോദിയെ വിമർശിച്ച് പോസ്റ്റർ പതിച്ചവരെ അറസ്റ്റ് ചെയ്തതിനെതിരെ രാഹുൽ ഗാന്ധി

രാഹുൽ ​ഗാന്ധിക്ക് പുറമെ കോൺ​ഗ്രസ് നേതാക്കളായ അഭിഷേക് സിം​ഗ്വി, പി ചിദംബരം, എന്നിവരും അറസ്റ്റിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. 

Rahul Gandhi Tweets Covid Poster Critical Of PM Modi
Author
Delhi, First Published May 16, 2021, 3:25 PM IST

ദില്ലി: കൊവിഡ് പ്രതിരോധത്തിൽ വീഴ്ച പറ്റിയെന്ന് ആരോപിച്ച് മോ​ദി സർക്കാരിനെ വിമർശിച്ച് പോസ്റ്റർ പതിച്ച സംഭവത്തിൽ 17 പേരെ അറസ്റ്റ് ചെയ്തതിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് രാഹുൽ ​ഗാന്ധി ട്വീറ്റ് ചെയ്തു. 

'ഞങ്ങളുടെ മക്കൾക്ക് നൽകേണ്ട വാക്സിൻ എന്തിന് വിദേശത്തേക്ക് അയച്ചൂ..' എന്ന ചോദ്യം ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യ തലസ്ഥാനത്ത് അങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെട്ടത്. ഇതേ ചോ​ദ്യം ഉന്നയിച്ചുകൊണ്ടുള്ള കാർഡിനൊപ്പമാണ് തന്നെയും അറസ്റ്റ് ചെയ്യൂ എന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. 

രാഹുൽ ​ഗാന്ധിക്ക് പുറമെ കോൺ​ഗ്രസ് നേതാക്കളായ അഭിഷേക് സിം​ഗ്വി, പി ചിദംബരം, എന്നിവരും അറസ്റ്റിനെതിരെ ശക്തമായ ഭാഷയിൽ പ്രതികരിച്ചു. 21 കേസുകളാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. 

കൊവിഡ് വ്യാപനത്തെ മോദി സർക്കാർ കൈകാര്യം ചെയ്തതിനെ വിമർശിക്കുന്നതാണ് പോസ്റ്ററുകൾ. ഇതുവരെ മോദിയെ വിമർശിക്കുന്ന 800 പോസ്റ്ററുകളും ബാനറുകളുമാണ് കണ്ടെത്തിയിരിക്കുന്നത്. 

കൊവിഡ് രണ്ടാം തരം​ഗം ഏറ്റവും മോശമായാണ് ദില്ലിയെ ബാധിച്ചിരിക്കുന്നത്. ഓക്സിജന്റെ അഭാവം മൂലം നിരവധി പേരാണ് ആശുപത്രിയിൽ മരിച്ചത്. കഴിഞ്ഞ മൂന്ന് ആഴ്ചയായി രാജ്യത്ത് ദിവസവും മൂന്ന് ലക്ഷത്തിലേറെ പേർക്കാണ് കൊവിഡ് ബാധിക്കുന്നത്. പലർക്കും മതിയായ ചികിത്സയോ ഓക്സിജനോ കിടക്കകളോ നൽകാൻ ആശുപത്രികൾക്ക് സാധിക്കുന്നില്ല. 

കൊവിഡ് വ്യാപനം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്രസർക്കാർ വലിയ വിമർശനമാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. ഉത്തർപ്രദേശ്, മധ്യപ്രദേശ്, ​ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ മരണ സംഖ്യ മറച്ചുവയ്ക്കുന്നുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ഇതിനിടെ ​ഗം​ഗാ, യമുനാ നദികളിൽ മൃതദേഹം അടിയുന്നതും വലിയ വിമർശനങ്ങൾക്കും ആശങ്കകൾക്കും ഇടയാക്കിയിരിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios