കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ സംഭവിച്ച ആംആദ്‌മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് വീഡിയോയില്‍ അജയ് ഝാ

ദില്ലി: ദില്ലിയിലെ മാധ്യമ പ്രവർത്തകൻ അജയ് ഝായുടെ ദുരവസ്ഥ പങ്കുവച്ച് രാഹുൽ ഗാന്ധി. വീട്ടിലെ എല്ലാവരും കൊവിഡ് ബാധിതരാണെന്നും രണ്ട് പേര്‍ ഇതിനകം മരിച്ചെന്നും ജീവന്‍ നിലനിര്‍ത്താന്‍ സഹായം വേണമെന്നും അഭ്യര്‍ഥിക്കുന്ന അജയ് ഝായുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചകള്‍ സംഭവിച്ചു എന്നാരോപിച്ച് ദില്ലിയിലെ ആംആദ്‌മി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നുമുണ്ട് വീഡിയോയില്‍ അജയ് ഝാ. 

'അജയ്‌യെ പോലുള്ള ലക്ഷക്കണക്കിന് സഹോദരീ സഹോദരങ്ങള്‍ക്കായി ഈ വേദന പങ്കുവെയ്ക്കുകയാണ്. നിങ്ങളെ രക്ഷിക്കാന്‍ ആവുന്ന സഹായമെല്ലാം ചെയ്യും. ഈ പ്രതിസന്ധിയെ നാം ഒത്തുചേര്‍ന്ന് മറികടക്കും' എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. #SpeakUpDelhi എന്ന ഹാഷ്‌ടാഗോടെ ആണ് രാഹുലിന്‍റെ ട്വീറ്റ്. 

Scroll to load tweet…

ഏവരെയും കണ്ണീരിലാഴ്‌ത്തി അജയ് ഝായുടെ വീഡിയോ

'ഭാര്യയും രണ്ട് മക്കളും അടക്കം വീട്ടിലെ എല്ലാവരും കൊവിഡ് പോസിറ്റീവ് ആണ്. രണ്ട് പേര്‍ ഇതിനകം മരിച്ചു. ഭാര്യാ പിതാവ് രണ്ട് ദിവസം മുന്‍പ് മരിച്ചു. ഭാര്യാ മാതാവിനെയും ഈ വീട്ടില്‍ വച്ച് നഷ്‌ടമായി. മൃതദേഹങ്ങള്‍ ഏറെ നേരം വീട്ടില്‍ കിടന്നു. അത് മാറ്റാന്‍ ആരും തയ്യാറായില്ല. ഏറെ നേരത്തിന് ശേഷമാണ് ആംബുലന്‍സ് എത്തിയത്' എന്നാണ് അജയ് ഝാ സെല്‍ഫി വീഡിയോയിലൂടെ അറിയിച്ചത്. 

കൊവിഡ് പ്രതിരോധത്തില്‍ പാളിച്ചപറ്റി എന്ന് ആരോപിച്ച് ദില്ലി സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നുണ്ട് അജയ് ഝാ. 'എല്ലാ കാര്യങ്ങളും ചെയ്‌തു എന്നാണ് അരവിന്ദ് കെജ്‌രിവാളും സര്‍ക്കാരും അവകാശപ്പെടുന്നത്. ഒന്നും ചെയ്‌തില്ല എന്നതാണ് യാഥാര്‍ഥ്യം. എല്ലാം ദൈവത്തിന്‍റെ കൈകളിലാണ്. ഞാനും കുടുംബവും വലിയ പ്രതിസന്ധിയിലാണ്. ഒന്‍പതും അഞ്ചും വയസുള്ള രണ്ട് കുട്ടികളുണ്ട് എനിക്ക്. ഭാര്യ ആകെ തകര്‍ന്നിരിക്കുന്നു. ധൈര്യമായിരിക്കാന്‍ ഞാന്‍ കിടഞ്ഞുപരിശ്രമിക്കുകയാണ്. എനിക്ക് സഹായം വേണം, ചികിത്സ വേണം'...എന്നും വീഡിയോയില്‍ അജയ് ഝാ പറയുന്നുണ്ട്.