8 ദിവസം യാത്ര പഞ്ചാബില്‍ തുടരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കും. 

പഞ്ചാബ്: ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനം ആരംഭിക്കുന്നതിന് മുമ്പ് ​​ഗുരുദ്വാര ഫത്തേ​ഗഡ് സാഹിബിൽ സന്ദർശനം നടത്തി രാഹുൽ ​ഗാന്ധി. ടർബനും ഹാഫ് സ്ലീവ് ടീഷർട്ടും ധരിച്ചാണ് രാഹുൽ ​ഗാന്ധി ​​ആരാധനാലയത്തിലെത്തിയത്. പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ അമരീന്ദർ സിംഗ് രാജ വാറിംഗും മറ്റ് പാർട്ടി നേതാക്കളും ​രാഹുൽ ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. കടുത്ത ശൈത്യത്തെ അതിജീവിച്ച് നിരവധി പാർട്ടി പ്രവർത്തകരാണ് രാഹുലിനൊപ്പം ഇവിടെയെത്തിയത്. പഞ്ചാബിലെ സുവർണ ക്ഷേത്രത്തിലും അദ്ദേഹം പ്രാർത്ഥന നടത്തിയിരുന്നു. 

ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനം, ഫത്തേഗഡ് സാഹിബിലെ സിർഹിന്ദിൽ നിന്ന് ആരംഭിച്ച് മാണ്ഡി ഗോബിന്ദ്ഗഡ്, ഖന്ന, സഹ്‌നേവാൾ, ലുധിയാന, ഗോരായ, ഫഗ്വാര, ജലന്ധർ, ദസ്യുവ, മുകേരിയൻ എന്നിവിടങ്ങളിലൂടെ കടന്നുപോകും. ഹരിയാനയില്‍ നിന്ന് ശംഭു അതിര്‍ത്തിയിലൂടെയാണ് രാഹുലിന്‍റെ യാത്ര പഞ്ചാബില്‍ പ്രവേശിച്ചത്. 8 ദിവസം യാത്ര പഞ്ചാബില്‍ തുടരുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കും. 

കശ്മീരിലാണ് യാത്ര അവസാനിക്കുക. ഈ മാസം 30 നാണ് ഭാരത് ജോഡോ യാത്ര അവസാനിക്കുത. അവസാന ദിനം ശ്രീനഗറില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തും. പഞ്ചാബ്, കാശ്മീര്‍ സംസ്ഥാനങ്ങളിലൂടെ യാത്ര കടന്നു പോകുമ്പോള്‍ രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കുമെന്ന് സി ആർ പി എഫ് അറിയിച്ചിട്ടുണ്ട്. ദില്ലിയില്‍ സുരക്ഷ വീഴ്ചയുണ്ടെയന്ന് പരാതിപ്പെട്ട കോണ്‍ഗ്രസ് ഈ സംസ്ഥാനങ്ങളിലെ രാഹുലിന്‍റെ സുരക്ഷ ക്രമീകരണങ്ങളില്‍ സന്ദേഹമറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിയുടെ സുരക്ഷ ശക്തമാക്കുമെന്ന് സി ആർ പി എഫ് അറിയിച്ചത്.

ഓറഞ്ച് ടർബനണിഞ്ഞ് സുവർണക്ഷേത്രത്തിൽ രാഹുൽ ഗാന്ധിയുടെ പ്രാർത്ഥന, രൂക്ഷമായി വിമർശിച്ച് ശിരോമണി അകാലിദൾ