അതേസമയം രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ച് കര്‍ണാടകത്തിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിക്കാനും സാധ്യതയുണ്ടെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ടുകൾ സൂചിപ്പിച്ചത്

ദില്ലി: വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കും. കഴിഞ്ഞ തവണയും രാഹുൽ ഗാന്ധി ഈ രണ്ട് മണ്ഡലങ്ങളിലും മത്സരിച്ചിരുന്നു. വയനാട്ടിലും അമേഠിയിലും മത്സരിക്കാൻ രാഹുൽ ഗാന്ധി സന്നദ്ധത അറിയിച്ചു. അതേസമയം സഹോദരി പ്രിയങ്ക റായ്‌ബറേലിയിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാവും എന്നും സൂചനയുണ്ട്.

ദില്ലിയിൽ ഇത് സംബന്ധിച്ച് നടന്ന ചർച്ചകൾക്ക് ശേഷം ഉത്തര്‍പ്രദേശിലെ കോൺഗ്രസ് നേതാവ് പ്രദീപ് സിംഘൽ രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കുമെന്ന് വെളിപ്പെടുത്തിയിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിൽ തന്നെ മത്സരിക്കണമെന്നാണ് കേരളത്തിലെ പിസിസിയുടെ ആവശ്യപ്പെട്ടിരുന്നത്. രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിലും സെൻട്രൽ ഇലക്ഷൻ കമ്മിറ്റി തീരുമാനമെടുക്കുമെന്നും അദ്ദേഹം മത്സരിക്കണമെന്ന് ആഗ്രഹം കേരളഘടകം നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലേത് പോലെ രാഹുൽ ഗാന്ധി അമേഠിയിലും വയനാട്ടിലും മത്സരിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റ ശേഷം രാഹുൽ ഗാന്ധി അമേഠിയിൽ ചെന്നത് കഴിഞ്ഞ മാസമാണ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിയോടാണ് രാഹുൽ ഗാന്ധി അമേഠിയിൽ തോറ്റത്. എന്നാൽ വയനാട്ടിലെ ജയം രാഹുലിനെ ലോക്‌സഭയിൽ എത്തിച്ചു. ഇക്കുറി രാഹുൽ ഗാന്ധി വയനാട് മണ്ഡലം ഉപേക്ഷിച്ച് കര്‍ണാടകത്തിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിക്കണമെന്ന ചര്‍ച്ചകളും കോൺഗ്രസിൽ നടന്നിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്