Asianet News MalayalamAsianet News Malayalam

കിസാൻ മഹാപഞ്ചായത്തുമായി രാഹുൽ ഗാന്ധി; അജ്മീറിൽ ട്രാക്ടർ റാലി

നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുന്നതിടെ  കോൺഗ്രസിന്‍റെ പുതിയ നീക്കം പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ

rahul gandhi will make Kisan Mahapanchayat
Author
Delhi, First Published Feb 8, 2021, 5:40 PM IST

ദില്ലി: കാര്‍ഷിക നിയമത്തിനെതിരെ കിസാന്‍ മഹാപഞ്ചായത്തുമായി രാഹുല്‍ഗാന്ധിയും. വരുന്ന ശനിയാഴ്ച രാജസ്ഥാനിലെ അജ്‍മീറില്‍ രാഹുല്‍ ട്രാക്ടര്‍ റാലി നടത്തും. കാ‌ർഷിക നിയമങ്ങൾ പാസാക്കിയതിന് പിന്നാലെ പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ രാഹുൽ ഗാന്ധി ട്രാക്ടർ റാലി നടത്തിയിരുന്നു. ഇതിനുശേഷം സമരത്തിൽ നേരിട്ടുള്ള ഇടപെടൽ  നടത്തിയിരുന്നില്ല. കർഷകരുടെ സമരം കേന്ദ്രസർ‍ക്കാരിന് വലിയ രാഷ്ട്രീയ പ്രതിസന്ധി ആയതോടെയാണ് രാഹുൽ ഗാന്ധി വീണ്ടും രംഗപ്രവേശനം ചെയ്യുന്നത്. 

12,13 തിയ്യതികളിൽ രാജസ്ഥാനിലാണ്  മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത് . സമരം ശക്തമാക്കാൻ കർഷകസംഘടനകൾ  യുപിയിലും ഹരിയാനയിലും മഹാപഞ്ചായത്തുകൾ സംഘടിപ്പിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ്  കോൺഗ്രസിന്‍റെ പ്രഖ്യാപനം. നിയമങ്ങൾ പിൻവലിക്കില്ലെന്ന നിലപാടിൽ കേന്ദ്രം ഉറച്ചു നിൽക്കുന്നതിടെ  കോൺഗ്രസിന്‍റെ പുതിയ നീക്കം പ്രക്ഷോഭം കൂടുതൽ ശക്തമാക്കുമെന്നാണ് വിലയിരുത്തൽ. അതേസമയം റിപ്പബ്ലിക് ദിനത്തിലെ ട്രാക്ട‌ർ റാലിയിലെ സംഘർഷത്തിൽ നാൽപ്പത് ക‌ർഷകനേതാക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ ദില്ലി പൊലീസ് നോട്ടീസ് അയച്ചു. 

എന്നാൽ പൊലീസിൽ നിന്ന് ഇത്തരത്തിൽ നോട്ടീസ് ഇതുവരെ കിട്ടിയില്ലെന്നാണ് കർഷകനേതാക്കള്‍ പറയുന്നത്. ഇതിനിടെ ചെങ്കോട്ട സംഘർഷത്തിൽ ഇന്നലെ അറസ്റ്റിലായ 65 കാരൻ  സുഖ്ദേവ് സിങ്ങ് ആക്രമണത്തിന്‍റെ പ്രധാന സൂത്രധാരന്മാരിൽ ഒരാളാണെന്ന് പൊലീസ് പറയുന്നു. ചെങ്കോട്ട സംഘർഷത്തിലെ പ്രധാനപ്രതിയായ നടൻ ദീപ് സിദ്ദു, ഗുണ്ടാ നേതാവ് ലക്കാൻ സാധന എന്നിവർ എവിടെയാണെന്ന് നിർണ്ണായക വിവരം കിട്ടിയെന്നും ഇവർ ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു. ട്രാക്ടർ റാലിയിലെ സംഘർഷത്തിൽ ഇതുവരെ 127 പേരാണ് അറസ്റ്റിലായത്.

Follow Us:
Download App:
  • android
  • ios