ദില്ലി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുൽ ഗാന്ധി നാളെ ജമ്മു കശ്മീർ സന്ദർശിക്കും. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ എന്നിവരടക്കം ഒമ്പത് പ്രതിപക്ഷ നേതാക്കള്‍ രാഹുലിനോടൊപ്പമുണ്ടാകും. ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ ശേഷമുള്ള  രാഹുലിന്റെ ആദ്യ  സന്ദർശനമാണിത്.

സംസ്ഥാനത്തിന്‍റെ സ്ഥിതി നേരിട്ട് എത്തി വിലയിരുത്താൻ ഗവർണർ സത്യപാലിക് മാലിക്ക് നേരത്തെ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. പിന്നീട് ഈ നി‍ർദ്ദേശം ഗവർണർ പിൻവലിക്കുകയും ചെയ്തിരുന്നു. രാഹുലിനെയും നേതാക്കളെയും വിമാനത്താവളത്തിന് പുറത്തേക്ക് പോകാൻ അനുവദിക്കുമോയെന്ന് വ്യക്തമല്ല. പ്രതിപക്ഷ നേതാക്കൾ സന്ദർശനം ഒഴിവാക്കണമെന്ന് ജമ്മു കശ്മീർഭരണകൂടം ആവശ്യപ്പെട്ടു. പ്രത്യേക പദവി റദ്ദാക്കുന്നതിനു മുന്നോടിയായി പൊലീസ് കസ്റ്റഡിയിലെടുത്ത സിപിഎം എംഎല്‍എ യൂസഫ് തരിഗാമിയെ സന്ദര്‍ശിക്കാനായി കശ്മീരിലെത്തിയ ഇടത് നേതാക്കളായ സീതാറാം യെച്ചൂരിക്കും ഡി രാജയ്ക്കും അദ്ദേഹത്തിനെ കാണാന്‍ കഴിഞ്ഞിരുന്നില്ല.