ഉത്തരവാദിത്തത്തോടെയുള്ള നടപടിയാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി
ദില്ലി: ദില്ലി പുരാനി നങ്കലിൽ കൂട്ടബലാൽസംഗത്തിന് ഇരയായി കൊല്ലപ്പെട്ട ബാലികയുടെ കുടുംബത്തിനൊപ്പം നിൽക്കുന്ന ചിത്രം ഉൾപ്പെടുത്തിയുള്ള കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ട്വിറ്ററിന്‍റെ നടപടി. രാഹുലിന്‍റെ ട്വീറ്റ് നീക്കം ചെയ്തതായി ട്വിറ്റര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ അക്കൗണ്ട് ലോക്ക് ചെയ്തതായും ട്വിറ്റര്‍ വ്യക്തമാക്കി.
ട്വിറ്റര്‍ നയം ലംഘിച്ചതിനാണ് നടപടി സ്വീകരിച്ചതെന്നും അവർ അറിയിച്ചു. രാഹുൽ ഗാന്ധിയുടെ ട്വീറ്റ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് ട്വിറ്റര്‍ മറുപടി നൽകിയത്. ഉത്തരവാദിത്തത്തോടെയുള്ള നടപടിയാണ് ട്വിറ്റര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി പരാമര്‍ശം നടത്തി.
നേരത്തെ ഇരയുടെ കുടുംബത്തിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുത്തിരുന്നു. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐപിസി 228 എ വകുപ്പുകൾ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുൽ ചെയ്തതെന്നുമാണ് കേസെടുക്കാനുള്ള കാരണമായി ചൂണ്ടികാട്ടിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
