Asianet News MalayalamAsianet News Malayalam

പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മാതാപിതാക്കളുടെ ചിത്രം പങ്കുവച്ചു; രാഹുൽ ഗാന്ധിക്കെതിരെ കേസ്

പുരാനി നങ്കലിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. 

Nangal rape case Complaint against Rahul Gandhi for disclosing victim s identity
Author
Delhi, First Published Aug 5, 2021, 5:58 PM IST

ദില്ലി: പുരാനി നങ്കലിൽ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ഒന്‍പതുകാരിയുടെ മാതാപിതാക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ച സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേസ്. ദില്ലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ നൽകിയ പരാതിയിലാണ് നടപടി. പരാതിയിൽ പോക്സോ നിയമത്തിലെ വകുപ്പ് 23 പ്രകാരവും ശിശുസംരക്ഷണ നിയമത്തിലെ 74-ാം വകുപ്പ്, ഐപിസി 228 എ വകുപ്പുകൾ പ്രകാരവും കുറ്റകരമായ കാര്യമാണ് രാഹുൽ ചെയ്തതെന്ന് വ്യക്തമാക്കുന്നു. 

ഇത് സംബന്ധിച്ച് ബാലാവകാശ കമ്മീഷൻ ട്വിറ്ററിന് നോട്ടീസയച്ചിട്ടുണ്ട്. രാഹുൽ ട്വീറ്റ് ചെയ്ത ചിത്രം പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ തിരിച്ചറിയാൻ കാരണമാകുമെന്നും അത് നീക്കം ചെയ്യണമെന്നും ബാലാവകാശ കമ്മീഷന്റെ നോട്ടീസിൽ പറയുന്നു. അക്കൌണ്ടിനെതിരെ നടപടിയെടുക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദ്ദേശിക്കുന്നുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരമാണ് ഞെട്ടിപ്പിക്കുന്ന സംഭവം പുരാനി നംഗലിൽ നടന്നത്. ശ്മശാനത്തിലെ കൂളറിൽ നിന്ന് വെള്ളമെടുക്കാൻ പോയ ഒമ്പതു വയസ്സുകാരിയാണ് ക്രൂരമായ ബലാത്സംഗത്തിനിരയായത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ. വെള്ളമെടുക്കാൻ പോയ കുട്ടി തിരികെ വന്നില്ല. കുട്ടി മരിച്ചു എന്ന വിവരവുമായി പിന്നാലെ ശ്മശാനത്തിലെ പൂജാരിയെത്തി. അമ്മയെ ശ്മശാനത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. കുട്ടി ഷോക്കേറ്റ് മരിച്ചെന്നും എത്രയും വേഗം മൃതദേഹം സംസ്കരിക്കണമെന്നും പൂജാരിയും കൂട്ടാളികളും തിരക്ക് കൂട്ടി. കുട്ടിയുടെ ശരീരത്തിൽ പൊള്ളലേറ്റിരുന്നു, പൊലീസിനെ വിവരമറിയിക്കണമെന്ന് അമ്മ ആവശ്യപ്പെട്ടെങ്കിലും പോസ്റ്റ്മോർട്ടം ചെയ്യേണ്ടി വരുമെന്നും കുട്ടിയുടെ അവയവങ്ങൾ മോഷ്ടിക്കപ്പെടുമെന്ന് പൂജാരി ഭീഷണിപ്പെടുത്തി. തുടർന്ന് ചിതയിൽ കത്തിക്കൊണ്ടിരുന്ന മറ്റൊരു മൃതദേഹത്തിനൊപ്പമിട്ട് കത്തിക്കുകയായിരുന്നു. 

വിവരമറിഞ്ഞ് നാട്ടുകാര്‍ ശ്മശാനത്തിലേക്ക് എത്തുമ്പോഴേക്കും കാലുകളൊഴികെ കുട്ടിയുടെ മൃതദേഹം ഏതാണ്ട് പൂർണമായി കത്തിയിരുന്നു. അടുത്ത ദിവസം പരാതി നൽകാനായി പൊലീസ് സ്റ്റേഷനിലെത്തിയ കുട്ടിയുടെ അച്ഛനേയും അമ്മയേയും പൊലീസ് ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും ആരോപണമുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios