ദില്ലി: പാതകൾ സ്വകാര്യവൽക്കരിക്കാനുള്ള റെയിൽവേയുടെ തീരുമാനത്തിന് പിന്നാലെ കോച്ചുകളുടെ നിർമ്മാണവും സ്വകാര്യമേഖലക്ക് നൽകാൻ നീക്കം. ഇത് സംബന്ധിച്ച് കേന്ദ്ര റെയിൽവേ മന്ത്രാലയം തത്ത്വത്തിൽ തീരുമാനം എടുത്തു. കോച്ചുകൾ വാങ്ങാൻ ടെൻഡറുകൾ ഉടൻ വിളിക്കാനാണ് തീരുമാനം. സ്വകാര്യകോച്ച് നി‍‍ർമ്മാണ കമ്പനികളില്‍ നിന്നും റെഡിമെയ്‍ഡ് കോച്ചുകൾ വാങ്ങാനാണ് റെയിൽവേയുടെ തീരുമാനം. 

വരുന്ന മൂന്ന് വർഷത്തിനുള്ളിൽ 2000 കോച്ചുകള്‍ വാങ്ങും. 320 വന്ദേഭാരതിന്‍റെയും 124 കൊൽക്കത്ത മെട്രോ ട്രെയിനുകളുടെ കോച്ചുകളും ഇതില്‍ ഉൾപ്പെടും. റെയിൽവേ മന്ത്രി പീയൂഷ് ഗോയലിന്‍റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം കൂടിയ ഉന്നതതല യോഗം തത്ത്വത്തിൽ തീരുമാനം എടുത്തു. എന്നാൽ റെയിൽവേയ്ക്ക് സ്വന്തമായി മൂന്ന് നി‍ർമ്മാണ യൂണിറ്റുകൾ നിലവിലുള്ളപ്പോഴാണ് ഈ നീക്കം. ഇതിനെതിരെ പാര്‍ലമെന്‍റിൽ ഇടതുപക്ഷം പ്രതിഷേധമുയര്‍ത്തും.