താനെ: റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം ട്രാക്ക് വഴി മുറിച്ചുകടന്ന യാത്രക്കാരനെ ട്രെയിനിന് മുന്നിൽ‌നിന്ന് അതിസാഹസികമായി രക്ഷപ്പെടുത്തി റെയില്‍വെ പൊലീസുദ്യോഗസ്ഥൻ. മഹാരാഷ്ട്രയിലെ താനെയിൽ ഡിസംബര്‍ മൂന്നിനാണ് സംഭവം നടന്നത്. ട്രെയിനിന് മുന്നിൽനിന്ന് യാത്രക്കാരനെ രക്ഷിക്കുന്ന പൊലീസുകാരന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

അനില്‍ കുമാര്‍ എന്ന റെയില്‍വെ പൊലീസുദ്യോഗസ്ഥനാണ് യാത്രക്കാരനെ രക്ഷിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യം വാർത്താ ഏജൻസിയായ എഎൻഐ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പ്ലാറ്റ് ഫോമില്‍ നിന്ന് മറ്റൊരു പ്ലാറ്റ് ഫോമിലേക്ക് ട്രാക്കിലൂടെ കടക്കുന്ന യാത്രക്കാരനെ വീഡിയോയിൽ കാണാം.

"

ഇതിനിടെ ട്രെയിൻ വരുന്നത് കണ്ട പൊലീസുകാരൻ ചാടിയിറങ്ങി യാത്രക്കാരനെ പ്ലാറ്റ്ഫോമിലേക്ക് പിടിച്ച് തള്ളിയിടുകയായിരുന്നു. തുടർന്ന് ട്രാക്കിൽനിന്ന് ട്രെയിനിന് മുന്നിൽനിന്ന് പെടാതെ പൊലീസുകാരൻ തൊട്ടപ്പുറത്തേക്ക് ചാടുന്നതും വീഡിയോയിൽ വ്യക്തമാണ്. അതേസമയം, ട്രാക്ക് മുറിച്ച് കടന്ന യാത്രക്കാരന് തക്കതായ ശിക്ഷ നല്‍കണമെന്ന് ആളുകൾ അഭിപ്രായപ്പെട്ടു.