നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സിബിഐ അഞ്ച് പേരെ അറസ്റ്റ് ചെയ്തു. രാജസ്ഥാനിൽ അറസ്റ്റിലായ യുവമോർച്ച നേതാവും സഹോദരനും 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് സിബിഐ അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ റെയ്ഡുകളും ചോദ്യം ചെയ്യലുകളും തുടരുകയാണ്.

ദില്ലി: നീറ്റ് യുജി പരീക്ഷ ചോദ്യപേപ്പർ ചോർച്ച: അഞ്ച് പേരെ സിബിഐ അറസ്റ്റ് ചെയ്തു. ജയ്പൂരിൽ നിന്ന് മൂന്ന് പേരെയും നാസിക്, ഗുരു ഗ്രാമിൽ എന്നിവിടങ്ങളിൽ നിന്നായി രണ്ടു പേരെയുമാണ് അറസ്റ്റ് ചെയ്തത്. 15 പേരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. രാജസ്ഥാനിൽ അറസ്റ്റിലായവരിൽ യുവമോർച്ച നേതാവും സഹോദരനും ഉൾപ്പെടുന്നു. യുവമോർച്ച പ്രവർത്തകൻ ദിനേശ് ബിവാൾ, സഹോദരൻ മാംഗിലാൽ ബിവാൾ എന്നിവരെയാണ് സിബിഐ അറസ്റ്റ് ചെയ്തതത്. ബിവാൾ സഹോദരങ്ങൾ ഏകദേശം 30 ലക്ഷം രൂപ നൽകിയാണ് ചോദ്യപേപ്പർ വാങ്ങിയതെന്ന് സിബിഐ പറയുന്നു. എന്നാൽ പാർട്ടിയുമായി ഇവർക്ക് ഇപ്പോൾ ബന്ധമില്ലെന്ന് ബിജെപി വിശദീകരണം നൽകി.

Add Asianetnews as a Preferred SourcegooglePreferred

രാജ്യത്തുടനീളം വിവിധ സ്ഥലങ്ങളിൽ റെയ്ഡ് നടത്തി വരികയാണെന്ന് ഉദ്യോഗസ്ഥർ ബുധനാഴ്ച അറിയിച്ചു. വിവിധ നഗരങ്ങളിലായി നിരവധി പ്രതികളെ ചോദ്യം ചെയ്യുന്നുണ്ടെന്നും സിബിഐ അറിയിച്ചു. നാസിക്കിൽ നിന്ന് 30 വയസ്സുകാരനായ ശുഭം ഖൈർനാറിനെയാണ് അറസ്റ്റ് ചെയ്തത്. പ്രാദേശിക മജിസ്‌ട്രേറ്റ് കോടതി സിബിഐക്ക് ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചതിനെത്തുടർന്ന് കൂടുതൽ ചോദ്യം ചെയ്യലിനായി ഇയാളെ ദില്ലിയിലേക്ക് എത്തിക്കും. പ്രതികളിൽ നിന്ന് മൊബൈൽ ഫോണുകളും ലാപ്‌ടോപ്പുകളും ഉൾപ്പെടെ നിരവധി ഡിജിറ്റൽ ഉപകരണങ്ങൾ സിബിഐ പിടിച്ചെടുത്തു. പരീക്ഷാ പേപ്പറുകൾ പ്രചരിപ്പിക്കാൻ ഉപയോഗിച്ചിരിക്കാവുന്ന മെസേജിംഗ് ആപ്ലിക്കേഷനുകൾ കണ്ടെത്തുന്നതിന് ഫോറൻസിക് പരിശോധനയ്ക്ക് അയയ്ക്കുമെന്നും അന്വേഷണ ഉദ്യോ​ഗസ്ഥർ പറഞ്ഞു.