ദില്ലി: രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വീട്ടിൽ എംഎൽഎമാർ യോഗം ചേർന്നു. അശോക് ഗെലോട്ടിനു ഭൂരിപക്ഷം ഉണ്ടെന്ന് കോൺഗ്രസ് എംഎൽഎ രാജേന്ദ്ര ഗുഡ്ഡ പറഞ്ഞു. ചില ബിജെപി എംഎൽഎമാരുമായും ബന്ധപ്പെടുന്നു എന്നും അദ്ദേഹം അറിയിച്ചു. അതിനിടെ, രൺദീപ് സിംഗ് സുർജെവാല, അജയ് മാക്കൻ എന്നിവർ ഗെഹ്ലോട്ടിനെ കാണാനായി ജയ്‌പൂരിലെത്തി. രാജസ്ഥാനിൽ സ്ഥിതി സങ്കീ‍ർണമാണെന്നും ദേശീയ നേതൃത്വം ഉടൻ വിഷയത്തിൽ ഇടപെടണമെന്നും മുതി‍‍ർന്ന നേതാവ് കപിൽ സിബൽ ആവശ്യപ്പെട്ടിരുന്നു. 

അശോക് ഗെഹ്ലോട്ടുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്ന് സച്ചിൻ പൈലറ്റ് തുറന്ന പോരിലേക്ക് നീങ്ങിയതോടെയാണ് രാജസ്ഥാനിൽ കോൺ​ഗ്രസ് പ്രതിസന്ധിയിലായത്.  ഇന്ന് ഗവർണറെ കാണുമെന്ന് അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്.

രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാരിന് ഭൂരിപക്ഷം നഷ്മായെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്. തനിക്കൊപ്പം 30 എംഎൽഎമാർ ഉണ്ടെന്നും ഇന്ന് ചേരുന്ന നിയമസഭാ കക്ഷി യോഗത്തിൽ പങ്കെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സച്ചിൻ പൈലറ്റ് ജ്യോതിരാദിത്യ സിന്ധ്യയെ കണ്ടെന്നും റിപ്പോർട്ടുകളുണ്ട്. പൈലറ്റിനെ പിന്തുണച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നു. പൈലറ്റിനെ അവഗണിക്കുന്ന കോൺഗ്രസ് നിലപാട് ദുഖകരമാണെന്ന് അദ്ദേഹം പ്രതികരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്ന് 10.30ന് അടിയന്തര നിയമസഭാ കക്ഷി യോഗം വിളിച്ചിട്ടുണ്ട്. 

കോൺഗ്രസ് നേതൃത്വവുമായുള്ള ച‍ർച്ചയ്‌ക്കായി സച്ചിൻ പൈലറ്റ് നിലവിൽ ദില്ലിയിലുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎൽഎമാരുടെ സംഘം ദില്ലി അതിർത്തിയിലെ ഗുഡ്ഗാവിൽ തങ്ങുന്നതായും സൂചനയുണ്ട്. അതേസമയം, സർക്കാരിന് ഭീഷണിയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. എംഎൽഎമാർക്ക് വൻ തുക നൽകി സ്വാധീനിക്കാൻ ബിജെപി ശ്രമിക്കുന്നുണ്ടെന്നും ഇതിനെ മറികടക്കാൻ പാർട്ടിക്കാവുമെന്ന് കെസി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.