ജയ്പൂര്‍/ദില്ലി: കോണ്‍ഗ്രസില്‍ നിന്ന് വിമത ശബ്ദമുയര്‍ത്തി ഇടഞ്ഞുനില്‍ക്കുന്ന സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം. രാഹുല്‍ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് സച്ചിന്‍ പൈലറ്റിനെ പാര്‍ട്ടിയില്‍ തിരിച്ചെത്തിക്കാന്‍ നീക്കം നടക്കുന്നത്. സച്ചിനെ അനുനയിപ്പിക്കാനായി അശോക് ഗെഹ്ലോട്ടിനോട് സച്ചിനെതിരെ പരസ്യപ്രതികരണം നടത്തരുതെന്നും ദേശീയ നേതൃത്വം ആവശ്യപ്പെട്ടു. എന്നാല്‍, സമവായ നീക്കങ്ങളോട് പ്രതികരിക്കാതെ അകലം പാലിക്കുകയാണ് സച്ചിന്‍ പൈലറ്റ്. കോണ്‍ഗ്രസിന്റെ വാതിലുകള്‍ തുറന്നിട്ടിരിക്കുന്നതായി പാര്‍ട്ടി നേതൃത്വം ഇന്നലെ വ്യക്തമാക്കിയിരുന്നു. സച്ചിന്‍ പൈലറ്റും അനുകൂലികളും ഉടന്‍ ജയ്പൂരില്‍ തിരിച്ചെത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. 

സച്ചിന്‍ പൈലറ്റും വിമത എംഎല്‍എമാരും ജയ്പൂരിലേക്ക് മടങ്ങാന്‍ തയ്യാറായിട്ടില്ല. ഇതിനിടെ, മൂന്ന് വിമത എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തെ ബന്ധപ്പെട്ടു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു. രാഹുല്‍ഗാന്ധി ഇതുവരെ സച്ചിനുമായി നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. ദൂതന്‍ വഴി ബന്ധപ്പെട്ടെന്ന് സൂചനയുണ്ട്. പ്രിയങ്കാഗാന്ധി മൂന്ന് തവണ സച്ചിന്‍ പൈലറ്റുമായി സംസാരിച്ചു. അശോക് ഗെഹ്ലോട്ടുമായി ശക്തമായ വിയോജിപ്പുള്ളപ്പോഴും കോണ്‍ഗ്രസിനെയോ ഗാന്ധി കുടുംബത്തെയോ സച്ചിന്‍ വിമര്‍ശിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. 

വിമതനീക്കത്തെ തുടര്‍ന്ന് സച്ചിന്‍ പൈലറ്റിനെ എല്ലാ ചുമതലകളില്‍നിന്നും കോണ്‍ഗ്രസ് നീക്കിയിരുന്നു. സച്ചിന്‍ കുതിരക്കച്ചടവത്തിന് ശ്രമിച്ചതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും ഗെഹ്ലോട്ട് വ്യക്തമാക്കിയിരുന്നു. അതേസമയം സച്ചിന്റെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് ബിജെപി.