Asianet News MalayalamAsianet News Malayalam

രാജസ്ഥാൻ പ്രതിസന്ധി; കെ സി വേണു​ഗോപാൽ ഇന്നെത്തും, നേതാക്കൾക്കെതിരെ നടപടിയുണ്ടായേക്കും?

മുഖ്യമന്ത്രി പദത്തില്‍ അശോക് ഗലോട്ടിന്‍റെയും  സച്ചിന്‍ പൈലറ്റിന്‍റെയും അവകാശവാദം തുടരുമ്പോള്‍ എംഎല്‍എമാരുടെ നിലപാട് കെ സി വേണുഗോപാല്‍ ആരായാനിടയുണ്ട്. 
 

rajasthan crisis kc venugopal will arrive today
Author
First Published Nov 29, 2022, 3:33 AM IST

ദില്ലി: കോണ്‍ഗ്രസ് പ്രതിസന്ധിക്കിടെ എഐസിസി ജനറല്‍സെക്രട്ടറി കെ സി  വേണുഗോപാല്‍ ഇന്ന് രാജസ്ഥാനിലെത്തും. മുഖ്യമന്ത്രി പദത്തില്‍ അശോക് ഗലോട്ടിന്‍റെയും  സച്ചിന്‍ പൈലറ്റിന്‍റെയും അവകാശവാദം തുടരുമ്പോള്‍ എംഎല്‍എമാരുടെ നിലപാട് കെ സി വേണുഗോപാല്‍ ആരായാനിടയുണ്ട്. 

രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര തടയുമെന്ന് ഗുര്‍ജര്‍ വിഭാഗത്തിന്‍റെ ഭീഷണിയുള്ളപ്പോള്‍ അവരേയും കണ്ടേക്കും.  ഡിസംബര്‍ ആദ്യവാരം സംസ്ഥാനത്തെത്തുന്ന ഭാരത് ജോഡോ യാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്താനുള്ള യാത്രയെന്നാണ് പ്രതികരണമെങ്കിലും പാര്‍ട്ടിയിലെ  പൊട്ടിത്തെറിയാണ് രാജസ്ഥാന്‍ സന്ദര്‍ശനത്തിന് പിന്നില്‍. ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍ പിന്നിട്ടതിന് ശേഷം തര്‍ക്കത്തില്‍ നേരിട്ട് ഇടപെട്ടാല്‍ മതിയെന്നാണ് എഐസിസി തീരുമാനം. 

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ  പൊട്ടിത്തെറിയില്‍  നടപടിയുണ്ടായേക്കുമെന്ന്  എഐസിസി സൂചന നൽകിയിട്ടുണ്ട്. നേതാക്കളല്ല പാര്‍ട്ടിയാണ് വലുതെന്നും, സച്ചിന്‍ പൈലറ്റിനെതിരായ അശോക് ഗലോട്ടിന്‍റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു.  സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും ബിജെപിയില്‍ നിന്ന് സച്ചിനെ അനുകൂലിക്കുന്നവര്‍ പത്ത് കോടി രൂപ കൈപ്പറ്റിയെന്നുമുള്ള അശോക് ഗലോട്ടിന്‍റെ ആരോപണത്തില്‍ കടുത്ത അമര്‍ഷത്തിലാണ് എഐസിസി നേതൃനിരയിലുള്ളവര്‍. ബിജെപിയുടെ പണം പറ്റി ഇപ്പോഴും ചിലര്‍  കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന ഗലോട്ടിന്‍റെ ആക്ഷേപത്തിന്‍റെ മുന  ചെന്നു കൊള്ളുന്നത് പാര്‍ട്ടിക്ക് നേരെ തന്നെയാണ്. ഗലോട്ടിന്‍റെ ആക്ഷേപം ബിജെപി കൂടി ഏറ്റെടുത്തതോടെ രാജസ്ഥാനില്‍ തൊലിപ്പുറത്തുള്ള ചികിത്സ മാത്രം പോരെന്ന നിലപാടിലാണ് നേതൃത്വം.പാര്‍ട്ടിയാണ് വലുതെന്നും മുഖം നോക്കാതെ നടപടിയെടുക്കേണ്ടി വരുമെന്ന് കൂടി എഐ സിസി വക്താവ് ജയറാം രമേശ് ഒരു ഇംഗ്ലിഷ് മാധ്യമത്തോട് പറഞ്ഞത് ഇതിന്‍റെ സൂചനയായി കാണാം.

അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന താല്‍പര്യം നേതൃനിരയില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാര്‍ ഗലോട്ടിനൊപ്പമാണെന്നതാണ് തീരുമാനം നടപ്പാക്കുന്നതിലെ തടസം. മാറിയ സാഹചര്യത്തില്‍ എംഎല്‍എമാരുടെ മനസറിയാന്‍   ഇടപെടണമെന്ന സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം നേതൃത്വം തള്ളിയിട്ടുമില്ല. നാളെ രാജസ്ഥാനിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംഎല്‍എമാരോട് സംസാരിക്കും. ഗുര്‍ജര്‍ വിഭാഗം നേതാക്കളെയും കണ്ടേക്കും. ഡിസംബര്‍ ആദ്യവാരം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുമെന്നതിനാല്‍ കരുതലോടെയാണ് നീക്കം.ശശി തരൂര്‍ വിഷയത്തില്‍ കേരളത്തിലെ തമ്മിലടിയിലും നേതൃത്വം ഇടപെടാത്തത് ഭാരത് ജോഡോ യാത്ര കണക്കിലെടുത്താണ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഗലോട്ടുമായി കാണുമെന്ന  വിവരമുണ്ടായിരുന്നെങ്കിലും  ചര്‍ച്ച നടന്നതായി സൂചനയില്ല. സച്ചിനായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന്  മാറില്ലെന്ന് ഗലോട്ട് ആവര്‍ത്തിക്കുമ്പോള്‍ സാഹസിക ഇടപെടലിന് എഐസിസി മുതിരുമോയെന്നാണ് കണ്ടറിയേണ്ടത്. 

Read Also; ഗുജറാത്ത് തെരഞ്ഞെടുപ്പ്; ആദ്യഘട്ട പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Follow Us:
Download App:
  • android
  • ios