ജയ്പൂര്‍: മോദി സിന്ദാബാദ്, ജയ് ശ്രീറാം എന്നിങ്ങനെ ഉറക്കെ വിളിക്കാത്തതിന് രാജസ്ഥാനില്‍ 52കാരനായ ഓട്ടോ ഡ്രൈവറെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഗഫ്ഫര്‍ അഹമ്മദ് കച്ചാവ എന്നയാളാണ് തനിക്കെതിരെയുണ്ടായ അതിക്രമത്തില്‍ പൊലീസിന് പരാതി നല്‍കിയത്. രണ്ടുപേര്‍ ചേര്‍ന്നാണ് കച്ചാവയെ ആക്രമിച്ചത്. തന്റെ താടി പിടിച്ച് വലിക്കുകയും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.

കച്ചാവയെ ആക്രമിച്ച രണ്ട് പേരെയും പൊലീസ് പിടികൂടി. തന്റെ റിസ്റ്റ് വാച്ച് ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചു, പല്ലുകള്‍ അടിച്ചുതകര്‍ത്തു, മര്‍ദ്ദനത്തില്‍ കണ്ണുകള്‍ വീര്‍ത്തു, അവര്‍ പറഞ്ഞത് അനുസരിക്കാത്തതിന് ആക്രമിക്കുകയും മുഖത്ത് മുറിവുപറ്റുകയും ചെയ്തുവെന്ന് കച്ചാവ പറഞ്ഞു. 

അടുത്ത ഗ്രാമത്തിലെ ഒരു യാത്രക്കാരനെ കൊണ്ടുവിട്ട് മടങ്ങുന്നതിനിടെ പുലര്‍ച്ചെ നാലുമണിയോടെ കാറിലെത്തിയ ഇരുവരും ചേര്‍ന്ന് കച്ചാവയെ തടഞ്ഞുനിര്‍ത്തി പുകയില ഉണ്ടോ എന്ന് ചോദിച്ചു.എന്നാല്‍ കച്ചാവ നല്‍കിയ പുകയില സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന ഇരുവരും കച്ചാവയോടെ ജയ് ശ്രീറാം എന്നും മോദി സിന്ദാബാദ് എന്നും വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കച്ചാവ ഇതിന് വിസമ്മതിച്ചതോടെ ഇയാളെ വടികൊണ്ട് അടിച്ചു. അതേസമയം മദ്യലഹരിയിലാണ് പ്രതികള്‍ കച്ചാവയെ മര്‍ദ്ദിച്ചതെന്ന് സികാര്‍ പൊലീസ് ഓഫീസര്‍ പുഷ്‌പേന്ദ്ര സിംഗ് പറഞ്ഞു.