കോൺഗ്രസിനായി സച്ചിനും ഗെലോട്ടും, ബിജെപി സീറ്റുറപ്പിച്ച് വസുന്ധര; സ്ഥാനാർത്ഥി പ്രഖ്യാപനത്തിരക്കിൽ രാജസ്ഥാൻ
ഗെലോട്ട് സദർപുരയിലും പൈലറ്റ് ടോങ്കിലും സ്ഥാനാർത്ഥിയാകും.

ദില്ലി : തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്ന രാജസ്ഥാനിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന്റെ തിരക്കിൽ രാഷ്ട്രീയ പാർട്ടികൾ. കോൺഗ്രസ് 33 അംഗ പട്ടികയും ബിജെപി 83 അംഗ പട്ടികയും ഇന്ന് പുറത്തിറക്കി. അനിശ്ചിതത്വങ്ങൾക്കൊടുവിൽ 33 സ്ഥാനാർത്ഥികളെയാണ് ആദ്യ ഘട്ട പട്ടികയിൽ കോൺഗ്രസ് ഉൾപ്പെടുത്തിയത്. മുഖ്യമന്ത്രി അശോക് ഗെലോട്ടും ഡിസിസി അധ്യക്ഷൻ സച്ചിന്‍ പൈലറ്റും കോൺഗ്രസിനായി കളത്തിലിറങ്ങും. ഗെലോട്ട് സദർപുരയിലും പൈലറ്റ് ടോങ്കിലും സ്ഥാനാർത്ഥിയാകും. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിലെ പ്രമുഖരായ ഭൂരിഭാഗം നേതാക്കൾക്കും സീറ്റ് ലഭിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ് സ്ഥാനാർത്ഥി പട്ടിക വൈകിയത് വലിയ ചർച്ചയായിരുന്നു. അശോക് ഗെലോട്ടിന്‍റെ അടുപ്പക്കാരില്‍ ചിലരെ മത്സരിപ്പിക്കുന്നതില്‍ ദേശീയ നേതൃത്വത്തിന് താല്‍പ്പര്യമില്ലെന്ന തർക്കമാണ് പ്രഖ്യാപനം വൈകാനിടയാക്കിയത്.
സച്ചിൻ പൈലറ്റും താനും ഒറ്റക്കെട്ട്; മുഖ്യമന്ത്രി പദം ഒഴിയണമെന്ന് ആഗ്രഹമുണ്ട്: അശോക് ഗെലോട്ട്
രാജസ്ഥാനിൽ 83 സ്ഥാനാർത്ഥികളെയാണ് രണ്ടാം ഘട്ടത്തിൽ ബിജെപി പ്രഖ്യാപിച്ചത്. അഭ്യൂഹങ്ങൾക്കിടെ, മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ സീറ്റുറപ്പിച്ചു. ജാൽറപാടൻ മണ്ഡലത്തിലാണ് വസുന്ധര ബിജെപിക്കായി പോരിനിറങ്ങുക. മുഖ്യമന്ത്രിസ്ഥാനാർത്ഥിയെന്ന പ്രഖ്യാപനം നടത്താതെ വസുന്തരയെ ബിജെപി തഴയുന്ന സാഹചര്യമുണ്ടെന്ന വിമർശനമുയർത്തിരുന്നെങ്കിലും ഇന്നത്തെ സ്ഥാനാർത്ഥിപ്പട്ടികയിൽ ഇടംപിടിച്ചതോടെ കളം നിറയാൻ വസുന്ധരയുമുണ്ടാകുമെന്ന് ഉറപ്പായി. രാജസ്ഥാനില്‍ ആദ്യ ഘട്ടത്തിൽ 41സ്ഥാനാർത്ഥികളെയാണ് ബിജെപി പ്രഖ്യാപിച്ചിരുന്നത്. ഇന്നലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ എല്ലാ സംസ്ഥാനങ്ങളിലെയും സാഹചര്യവും അവസാനവട്ട സ്ഥാനാർത്ഥി നിർണയവും നടത്തിയിരുന്നു. '