ജയ്‍പൂര്‍: രാജസ്ഥാനിലെ രാഷ്ട്രീയ സംഘര്‍ഷം കോടതിയിലേക്ക്. സ്പീക്കര്‍ നൽകിയ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി പരിഗണിക്കുന്നു. ഹരീഷ് സാൽവെ, മുകുൾ റോത്തഗി എന്നീ അഭിഭാഷകരാണ് സച്ചിൻ പൈലറ്റിനായി ഹാജരാകുന്നത്. കോണ്‍ഗ്രസിനൊപ്പം തുടരുമ്പോൾ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം.

ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിൻ പൈലറ്റ് നൽകുന്ന സൂചന. സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജിയിൽ ചില മാറ്റങ്ങൾ നിര്‍ദ്ദേശിച്ച് ഉച്ചയ്ക്ക് ശേഷം രാജസ്ഥാൻ ഹൈക്കോടതി കേസ് നാളത്തേക്ക് മാറ്റിയിരുന്നു. ഭേദഗതി വരുത്തിയ ഹര്‍ജി ഉടൻ നൽകിയതോടെയാണ് ഇന്നുതന്നെ കേസ് പരിഗണിക്കാൻ ഹൈക്കോടതി തീരുമാനിച്ചത്.